സുരക്ഷാ ക്രമീകരണങ്ങളില്ല: ക്വാറിയുടെ പ്രവർത്തനം നിർത്താൻ നോട്ടീസ്
text_fieldsഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിൽ കഴിഞ്ഞദിവസം അപകടം നടന്ന പാറമടയുടെ പ്രവർത്തനാനുമതി, വേണ്ടത്ര സുരക്ഷാ ക്രമീകരങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് പഞ്ചായത്ത് തല്ക്കാലത്തേക്ക് മരവിപ്പിച്ചു.
കഴിഞ്ഞ ദിവസം വാണിയപ്പാറയിലെ ബ്ലാക്ക് റോക്ക് ക്രഷർ ഉടമകളുടെ അധീനതയിലുള്ള പാറമടയിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനായി ഹൈഡ്രോളിക് മെഷിൻ ഉപയോഗിച്ച പാറതുരക്കുന്നതിനിടയിലെ പ്രകമ്പനത്തിൽ കൂറ്റൻ പാറ ഏഴ് മീറ്റർ പൊക്കത്തിൽ നിന്നും വീണാണ് തൊഴിലാളിയായ രതീഷ് മരിച്ചത്.
മൂന്ന് തട്ടുകളിലായി പ്രവർത്തിക്കുന്ന പാറമടയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ നിന്നും മറ്റ് രണ്ട് തട്ടുകളിലൂടെ ഉരുണ്ടെത്തിയാണ് തൊഴിലാളിയുടെ ദേഹത്തേക്ക് പാറക്കല്ല് പതിച്ചത്.
പഞ്ചായത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ കാര്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് സ്ഫോടനവും മറ്റും നടത്തുന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രവർത്തനം നർത്തിവെക്കണം എന്ന് കാണിച്ച് നോട്ടീസ് നൽകിയത്.
20 ഏക്കറിൽ പ്രവർത്തിക്കുന്ന പാറമടക്കും ക്രഷറിനും ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെങ്കിലും കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് പരാതി.
അപകടത്തിന് അൽപം മുൻമ്പ് പാറമടപ്രദേശത്തു നിന്നും വൻ സ്ഫോടനങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വൻതോതിലുള്ള സ്ഫോടനമാണ് പ്രദേശത്ത് നടത്തുന്നതെന്നും ആരോപണം ഉണ്ടായിരുന്നു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീർ, അസി.സെക്രട്ടറി അഷറഫ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പാറമടയിൽ ഉണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളി രതീഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും . ദരിദ്ര കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. പ്രായമായ അമ്മയേയും രണ്ട് സഹോദരിമാരേയും സംരക്ഷിക്കാനും അവരെ പുനരധിവാസിപ്പിക്കാനും ആവശ്യമായ നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കും.
പാറമടയ്ക്ക് പ്രവർത്തനാനുമതി ഉണ്ടെങ്കിലും നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ടാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കും.മേഖലയിൽ ഉഗ്ര സ്ഫോടനം നടക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയും അനുവദനീയമായ സ്ഥലത്തിൽ കൂടുതൽ സ്ഥലത്ത് ഖനനം നടക്കുന്നതായുള്ളപരാതിയും അന്വോഷിക്കും. കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി പാറമട ഉടമകളുമായും മറ്റും സംസാരിച്ച് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.