മാലിന്യ സംസ്കരണമില്ല; സ്കൂളിനും ആശുപത്രിക്കും 15,000 രൂപ വീതം പിഴ
text_fieldsഇരിട്ടി: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉളിക്കൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ സർക്കാർ സ്കൂൾ ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങൾക്ക് 15,000 രൂപ വീതം പിഴ ചുമത്തി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിനായി പഞ്ചായത്ത് നൽകിയ റിങ് കമ്പോസ്റ്റിൽ പ്ലാസ്റ്റിക്, മിഠായി കവർ തുടങ്ങിയവ തള്ളിയ നിലയിലാണ്. വൃത്തിഹീനമായി കാണപ്പെട്ട ശുചിമുറിയിൽ നിന്നുള്ള മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്ന അവസ്ഥയിലാണ്.
സ്കൂൾ പരിസരത്തെ ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് കത്തിക്കുന്നതായും അജൈവമാലിന്യം സ്കൂൾ ഗ്രൗണ്ടിന് അടുത്തുള്ള കുഴിയിൽ അലക്ഷ്യമായി നിക്ഷേപിച്ചതായും സ്ക്വാഡ് കണ്ടെത്തി. ഉളിക്കലിലെ എം.പി.സി സ്പെഷാലിറ്റി ഹോസ്പിറ്റൽ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ വസ്തുക്കൾ കത്തിക്കുന്നതായും മലിനജലം ജലാശയത്തിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി. സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിന് ഉളിക്കൽ പഞ്ചായത്തിന് നിർദേശം നൽകി.
ടീം ലീഡർ എം.വി. സുമേഷ്, അംഗങ്ങളായ കെ. സിറാജുദ്ദീൻ, നിതിൻ വത്സലൻ, പഞ്ചായത്ത് വി.ഇ.ഒ വിഷ്ണുരാജ്, ക്ലാർക്ക് ശമൽ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.