മാക്കൂട്ടത്തെ കച്ചവട സ്ഥാപനങ്ങൾക്ക് കർണാടക വനംവകുപ്പിന്റെ നോട്ടീസ്
text_fieldsഇരിട്ടി: വീടുകൾക്കുപുറമെ കച്ചവട സ്ഥാപനങ്ങൾക്കും കർണാടക വനംവകുപ്പിന്റെ ഒഴിപ്പിക്കൽ നോട്ടീസ്. മാക്കൂട്ടത്ത് കേരള ഭൂമിയിൽ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനത്തിന്റെ ചുവരിലാണ് നോട്ടീസ് പതിപ്പിച്ചത്. നിലവിൽ കർണാടകയിലെ ബേട്ടോളി പഞ്ചായത്തിൽ ഉൾപ്പെടെ കെട്ടിട നമ്പറുള്ള രണ്ട് കച്ചവട സ്ഥാപനങ്ങൾക്കും പായം പഞ്ചായത്തിന്റെ കെട്ടിട നമ്പറുള്ള സജീർ എന്നയാൾ കച്ചവടം ചെയ്യുന്ന കടയിലും നോട്ടീസ് പതിച്ചിട്ടുണ്ട്.
കർണാടകയിലെ മാക്കൂട്ടം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള വിജേഷ്, ബാബു എന്നിവരുടെ സ്ഥാപനങ്ങളിലും വനംവകുപ്പിന് നോട്ടീസ് പതിപ്പിച്ചു. നിലവിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് അനുമതിയോ സമ്മതപത്രങ്ങളോ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും അല്ലെങ്കിൽ ഒഴിഞ്ഞുപോകാനുമാണ് നിർദേശം. മാക്കൂട്ടം കോവിഡ് ചെക്പോസ്റ്റിന് സമീപം കേരളത്തിലെ ഭൂമിയിലുള്ള സജീറിന്റെ കടക്ക് ഒരു മാസം മുമ്പും ബേട്ടോളി ഗ്രാമപഞ്ചായത്തിൽനിന്നുള്ള കുടിയിറക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെ കേരളത്തെ പ്രതിനിധാനംചെയ്ത് ഇരിട്ടി തഹസിൽദാർ ടി.വി. പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി എന്നിവർ ഉൾപ്പെടെയുള്ള സംഘം ബേട്ടോളി പഞ്ചായത്തിലെത്തി ചർച്ച നടത്തി.
സംയുക്ത സർവേ നടത്തി പ്രതിസന്ധി പരിഹരിക്കുന്നതുവരെ പ്രകോപനപരമായ നീക്കങ്ങൾ പാടില്ലെന്ന് തീരുമാനിച്ചു. എന്നാൽ, ഇതുലംഘിച്ചാണ് ഇപ്പോൾ അതേ സ്ഥാപനത്തിൽത്തന്നെ മാക്കൂട്ടം ബ്രഹ്മഗിരി വൈൽഡ് ലൈഫ് റേഞ്ചർ നോട്ടീസ് പതിച്ചത്. ഇവിടെ താമസിക്കുന്ന പായം പഞ്ചായത്ത് പരിധിയിൽപെട്ട അഞ്ചോളം കുടുംബങ്ങളുടെ വീടുകളിലും ഒരുമാസം മുമ്പ് നോട്ടീസുമായി കർണാടക അധികൃതർ എത്തിയെങ്കിലും ആരും നോട്ടീസ് കൈപ്പറ്റിയിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ദിവസം സജീറിന്റെ കടയിൽ മുൻഭാഗത്ത് ചുവരിൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഇതോടെ, കച്ചവടം നടത്തുന്ന സജീർ പായം പഞ്ചായത്തുമായും ജില്ല ഭരണകൂടവുമായും ബന്ധപ്പെട്ടിരിക്കുകയാണ്. കർണാടക വനം വകുപ്പിന്റെ നീക്കം സംസ്ഥാനതിർത്തിയിലെ വ്യാപാരികളെയും വീട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.