സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി പഴശ്ശി ജലസംഭരണി
text_fieldsഇരിട്ടി: സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ് പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം എന്ന കൊച്ചു പ്രദേശം. പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം റിവർ വ്യൂ പോയന്റിന് രണ്ട് മുഖമുണ്ട്. വേനൽ അടുക്കുമ്പോൾ കുടിവെള്ളത്തിനായി പഴശ്ശി ഷട്ടർ അടച്ചാൽ ഈ മേഖലയിലെ കിലോമീറ്ററുകളോളം പ്രദേശത്ത് വെള്ളം നിറയും. അകംതുരുത്തി ദ്വീപും പഴശ്ശി അണക്കെട്ടും സ്ഥിതി ചെയ്യുന്നത് ഈ ജലാശയത്തിലാണ്.
പ്രകൃതി കനിഞ്ഞു നൽകിയ ഈ മനോഹര കാഴ്ച നുകരാൻ നാട്ടുകാർ വട്ടത്തോണി ഒരുക്കി പോവുന്നത് പതിവ് കാഴ്ചയാണ്. സൂര്യാസ്തമനം കാണാൻ വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകൾ റിവർ വ്യൂ പോയന്റിൽ എത്താറുണ്ട്. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അകംതുരുത്തി ദ്വീപിൽ അപൂർവ ഇനത്തിൽപെട്ട ദേശാടനപക്ഷികൾ എത്താറുണ്ട്. വട്ടത്തോണി ടൂറിസം പദ്ധതി ഈ പ്രദേശത്ത് കൊണ്ടു വന്നാൽ മലയോര മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി എടക്കാനത്തെ മാറ്റിയെടുക്കാനാവും. ഇവിടെയുള്ളവർക്ക് വട്ടത്തോണി നിർമാണം പ്രയാസകരമായ കാര്യമല്ല. ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷ മാർഗങ്ങളും സ്വീകരിച്ച് സഞ്ചാരികൾക്ക് സവാരി ഒരുക്കിയാൽ നാട്ടുകാർക്ക് ജീവിതവരുമാനമായി മാറും. ഒപ്പം അകംതുരുത്തും പഴശ്ശി അണക്കെട്ടും കാണാനുള്ള അവസരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.