പഴശ്ശി ഇറിഗേഷൻ ഭൂമി കൈയേറി കെട്ടിട നിർമാണം വ്യാപകം
text_fieldsഇരിട്ടി: പഴശ്ശി ഇറിഗേഷൻ അധീനതയിലുള്ള ജലസംഭരണിക്കായി ഏറ്റെടുത്ത സർക്കാർ ഭൂമി കൈയേറി സ്വകാര്യ വ്യക്തികൾ അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നത് വ്യാപകമെന്ന് പരാതി.
വെളിയമ്പ്ര പഴശ്ശി ഇറിഗേഷൻ ഡാം സൈറ്റ് മുതൽ ഇരിട്ടി നഗരസഭയിലെയും പായം, പടിയൂർ പഞ്ചായത്ത് പരിധിയിലെ പഴശ്ശി പുഴയുടെ ഇരുകരകളിലുമായി കുയിലൂർ മുതൽ പടിയൂർ, പൂവം, പെരുവംപറമ്പ്, നിടിയോടി, തന്തോട്, പെരുമ്പറമ്പ്, എടക്കാനം, വള്ളിയാട്, നേരമ്പോക്ക്, ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പഴയപാലം മുതൽ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പുറമ്പോക്ക് ഭൂമിയിലാണ് കൈയേറ്റം.
പഴശ്ശി ഡാം റിസർവോയറിനായി ഏറ്റെടുത്ത 2400 ഹെക്ടർ ഭൂമിയിൽ 20 ശതമാനത്തോളം ഭൂമി ചില സ്വകാര്യ വ്യക്തികൾ കൈയടക്കിയെന്നാണ് കണക്കുകൾ. ഭൂമി കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും വ്യാപകമായതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പെരുമ്പറമ്പ് മാവുള്ളക്കരി സ്വദേശി കെ.എം. ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയെ തുടർന്ന് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
ജലസംഭരണിയായി ഉപയോഗിക്കേണ്ട താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ മണ്ണിട്ട് നികത്തിയതുമൂലം ശക്തമായ പേമാരിയിലും മറ്റും പുഴയിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ ഇരിട്ടി ടൗൺ ഉൾപ്പെടെ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.
കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അനധികൃത കെട്ടിട നിർമാണങ്ങൾ ഉൾപ്പെടെ പൊളിച്ചുനീക്കി പഴശ്ശി പുറമ്പോക്ക് ഭൂമി വീണ്ടെടുത്ത് ജലസംഭരണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മലയോര മേഖലയിലെ സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.