മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു
text_fieldsഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ മൂന്ന് കോടി ചെലവിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തുവാൻ ശ്രമം തുടങ്ങി. പ്രാദേശികമായി വ്യക്തികളുടെയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദ പദ്ധതി റിപ്പോർട്ട് ഉടൻ സർക്കാറിലേക്ക് സമർപ്പിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മലബാർ ദേവസ്വം ബോർഡാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം നിർമിക്കുന്നത്.
കോട്ടയം രാജകുടുംബത്തിന്റെ ആരുഢക്ഷേത്രമായ മുഴക്കുന്ന് പോർക്കലി ഭഗവതിയും പഴശ്ശിരാജാവും കഥകളിയുടെ ഉത്ഭവവും എല്ലാം മ്യൂസിയത്തിന്റെ ഭാഗമാകും. മ്യൂസിയത്തിനോടനുബന്ധിച്ച് പൗരാണികമായ കുളം കല്ലുപാകി നവീകരണവും പൂർത്തിയാക്കി.
പ്രാദേശികമായി ലഭിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ പ്രാചീന പുസ്തകങ്ങൾ , ബ്രിട്ടീഷുകാരുടെ മലബാർ പടയോട്ടത്തെ ചെറുത്തുനിന്ന പഴശ്ശിരാജാവിന്റെയും കോവിലകത്തെയും വിവരങ്ങളടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും മൃദഗംശൈലേശ്വരി ക്ഷേത്രത്തിന്റെ പൗരാണികത വിവരിക്കുന്ന വസ്തുക്കളും കണ്ടെത്തുകയാണ് ലക്ഷ്യം. ചരിത്രശേഷിപ്പുകൾ കൈവശമുള്ളവർ വിവരശേഖരണ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.കെ. മാരാർ, ടി. ബിന്ദു, ഭാസ്‌കരൻ, ടി.സി. സുധി, എൻ.കെ. ബൈജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.