മടിക്കേരി- മാക്കൂട്ടം ചുരംപാത ദേശീയപാതയാക്കാൻ ആലോചന
text_fieldsഇരിട്ടി: കർണാടകയിൽ ഹാസൻ ജില്ലയിലെ ചെന്നരായപട്ടണത്തുനിന്നുതുടങ്ങി ഹൊളെനരസിപ്പൂർ -അർക്കൽഗുഡ്- കൊല്ലൻപേട്ട- മടിക്കേരി -വീരാജ്പേട്ട -മാക്കൂട്ടം ചുരംപാത വഴി കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാൻ ആലോചന. കുടക് എം.പി പ്രതാപ് സിംഹ കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിലാണ് ഇതുസംബന്ധിച്ച ഉറപ്പു നൽകിയത്.
കർണാടകത്തിലെ ഹാസൻ, കുടക് ജില്ലകൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പ്രതാപ് സിംഹ എം.പിയും വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യയും നിവേദനം നൽകിയിരുന്നു. വിശദമായ പദ്ധതിരേഖയും റിപ്പോർട്ടും കേന്ദ്രമന്ത്രിക്ക് കൈമാറി.
ഹാസൻ ജില്ലയിലെ ചെന്നരായപട്ടണത്തുനിന്ന് തുടങ്ങി കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിനുസമീപം അവസാനിക്കുന്ന ദേശീയപാതയുടെ നീളം 183 കിലോമീറ്റർ വരും. ഇതിൽ 20 കിലോമീറ്ററോളം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേത്തിലൂടെയാണ് കടന്നുപോകുന്നത്. 1600 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര പദ്ധതികൾക്കും പാത ഏറെ ഗുണം ചെയ്യും. കർണാടകത്തിലെ കശ്മീർ എന്നറിയപ്പെടുന്ന കുടകിനെ ആഭ്യന്തര - അന്തർദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാൻ കഴിയും. കാപ്പി, കുരുമുളക് അടക്കമുള്ള നാണ്യവിളകൾ യഥാസമയം മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാൻ നേരിടുന്ന പ്രയാസങ്ങൾക്കും പരിഹാരമാകും. ഈ മേഖലയിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാകും.
കുടക്, ഹാസൻ മേഖലകളിൽനിന്ന് നിരവധി ചരക്കു വാഹനങ്ങളാണ് നിത്യവും മാക്കൂട്ടം ചുരം പാതവഴി കേരളത്തിലേക്ക് എത്തുന്നത്. വീതി കുറഞ്ഞതും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിൽ ഇപ്പോൾ യാത്ര ഏറെ ദുസ്സഹമാണ്.
കൂട്ടുപുഴയിൽനിന്ന് മാക്കൂട്ടം വഴി പെരുമ്പാടി വരെ നീളുന്ന 16 കിലോമീറ്റർ കാനനപാത അപകടങ്ങളുടെ ഹബ്ബാണ്.
കേരളത്തിൽനിന്ന് കർണാടക മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും റോഡ് പ്രയോജനം ചെയ്യും. കൂട്ടുപുഴയിൽനിന്നും ചുരംപാത വഴി വീരാജ്പേട്ടയിൽ എത്താനുള്ള സമയം ഏറെ ലാഭിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.