പഴശ്ശി കുടിവെള്ള സംഭരണിയിൽ "പ്ലാസ്റ്റിക് കുപ്പി ചാകര'
text_fieldsഇരിട്ടി: വേനൽക്കാലത്ത് ജില്ലയിൽ കുടിവെള്ളം ഉറപ്പാക്കാനായി പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് ജല സംഭരണം ആരംഭിച്ചപ്പോൾ ഒഴുകിയെത്തിയത് പ്ലാസ്റ്റിക് കുപ്പിയുടെ വലിയ ശേഖരം. കുയിലൂർ ഭാഗത്തെ ഷട്ടറുകളോട് ചേർന്ന ഭാഗത്താണ് കുപ്പികൾ വലിയ തോതിൽ അടിഞ്ഞുകൂടിയത്.
പദ്ധതിയോടു ചേർന്ന നഗരങ്ങളിൽനിന്നും പുഴയോരങ്ങളിൽ കാഴ്ച കാണാനെത്തുന്നവരും പുഴയോരത്തെ വീടുകളിൽനിന്നും വലിച്ചെറിയുന്ന കുപ്പികളാണ് ജലം ഉയർന്നപ്പോൾ ബാവലി, ബാരപോൾ പുഴയുടെ തീരങ്ങളിൽ നിന്ന് സംഭരണിയിലേക്ക് ഒഴുകിയെത്തിയത്.
മുൻകാലങ്ങളിൽ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരും കുടിവെള്ളത്തിൽനിന്ന് ഇവ ഭാഗികമായെങ്കിലും നീക്കിയിരുന്നു. ഇത്തവണ ആരും രംഗത്തിറങ്ങിയിട്ടില്ല. കുടിവെള്ള പദ്ധതികൾ വഴി വീടുകളിലും സ്ഥാപനങ്ങളിലും നൽകുന്നതിലൂടെ വലിയ വരുമാനം ഉണ്ടാക്കുന്ന ജല അതോറിറ്റി ഇതൊന്നും ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
പഴശ്ശിയെ മലിനമാക്കുന്നത് തടയാൻ ഒരു നടപടിയും ജല അതോറിറ്റിയിൽ നിന്നും ഉണ്ടായിട്ടില്ല. കണ്ണൂർ കോർപറേഷൻ, ഏഴ് നഗരസഭകൾ, 60ഓളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് സംഭരണിയിൽനിന്ന് വെള്ളം എത്തുന്നത്. പദ്ധതി പ്രദേശത്തോട് ചേർന്ന റോഡുകളിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് സംഭരണിയിലേക്ക് വലിയ തോതിൽ അറവ് മാലിന്യങ്ങളും വലിച്ചെറിയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.