കൈകോർത്ത് പൊലീസും ജെ.സി.ഐയും; ഇരിട്ടി വിശപ്പുരഹിത പട്ടണമാകുന്നു
text_fieldsഇരിട്ടി: പണമില്ലാത്തവർ പട്ടിണി കിടക്കേണ്ട അവസ്ഥ ഇല്ലാതാക്കാൻ ഇരിട്ടിയിൽ സൗജന്യ ഭക്ഷണ വിതരണകേന്ദ്രം ഒരുങ്ങുന്നു. ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും എത്തി പണമില്ലാത്തതുമൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ അലയുന്നവർക്കു വേണ്ടിയാണ് ഇരിട്ടി പൊലീസ് ജെ.സി.ഐയുമായി സഹകരിച്ച് സൗജന്യ ഭക്ഷണ വിതരണ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനായുള്ള കെട്ടിടത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി.
ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിലായി തലശ്ശേരി- മൈസൂരു അന്തർ സംസ്ഥാന പാതയോരത്താണ് പദ്ധതിയുടെ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള ഒന്നര സെന്റ് സ്ഥലത്ത് രണ്ടരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം നടന്നത്.
റോഡരികിൽ കാടുപിടിച്ച് താഴ്ന്നു കിടന്നിരുന്ന സ്ഥലം കെട്ടി എടുത്താണ് ഭക്ഷണം ശേഖരിച്ചു വെക്കാനും വിതരണം ചെയ്യാനും സൗകര്യമുള്ള നിലയിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. സഹജീവികളോടുള്ള കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് പൊലീസും ജെ.സി.ഐയും മുൻകൈ എടുത്ത് പദ്ധതി തയാറാക്കിയത്.
ഇരിട്ടി പൗരാവലിയും ഇതിന് പിറകെ പിന്തുണയുമായി എത്തി. ടൗണിൽ എത്തുന്നവർക്ക് എവിടെ നിന്നും ഒരു നേരത്തെ ആഹാരം കിട്ടിയില്ലെങ്കിൽ അഭിമാനത്തോടെ ഇവിടെയെത്തി ഇതിനുള്ളിൽ തയാറാക്കിവെച്ച ഭക്ഷണം എടുത്ത് കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത എന്ന് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ പറഞ്ഞു. പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ഉൾപ്പെടെ സഹായങ്ങൾ സ്വീകരിച്ച് പ്രവർത്തനം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഇതിനായി ബന്ധപ്പെട്ട സംഘടനകളെ ഉൾപ്പെടുത്തി ഒരു കമ്മറ്റി രൂപവത്കരിച്ചാണ് പ്രവർത്തനം നടത്തുക. ഒരു നേരത്തെ ആഹാരം നൽകുവാൻ തയാറുള്ളവർക്ക് അതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇരിട്ടിയെ വിശപ്പ് രഹിത ഇരിട്ടിയാക്കി മാറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി തയാറാക്കിയത് എന്ന് ഇരിട്ടി ജെ.സി.ഐ പ്രസിഡൻറ് എൻ.കെ. സജിനും പറഞ്ഞു. ഇരിട്ടിക്കെന്നും അഭിമാനിക്കാവുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം അടുത്ത ആഴ്ചയിൽ തന്നെ നടത്താനായാണ് സംഘാടകർ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.