പരസ്യ ബോർഡുകൾക്കെതിരെ നടപടിക്കൊരുങ്ങി ഇരിട്ടി
text_fieldsഇരിട്ടി: നഗരസഭ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ്, ഇതര സംഘടന പ്രതിനിധി യോഗം തീരുമാനിച്ചു. സാമൂഹിക പ്രവർത്തകരും ആരാധനാലയ പ്രതിനിധികളും പങ്കെടുത്തു.
മുനിസിപ്പൽ പരിധിയിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വിശേഷാൽ പരിപാടികൾ, പൊതുയോഗങ്ങൾ തുടങ്ങിയവക്ക് ഒരാഴ്ച മുമ്പ് മാത്രമേ പരസ്യ ബോർഡുകൾ സ്ഥാപിക്കാവൂ എന്ന് തീരുമാനിച്ചു. പരിപാടി കഴിഞ്ഞ് ഒരു ദിവസത്തിനകം അത്തരം പരസ്യങ്ങൾ നീക്കണം.
ഹൈക്കോടതി വിലക്കും ഹരിത കേരള മിഷൻ അടക്കമുള്ള സംവിധാനങ്ങൾ വഴി പരസ്യങ്ങൾക്കെതിരെ ഓൺലൈനിൽ നൽകുന്ന പരാതികളും കാരണം പരസ്യ പ്രചരണ രംഗത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കലക്ടർ ഉൾപ്പെടെ നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപന പരസ്യങ്ങൾ സ്ഥാപിക്കാനും മുൻകൂർ അനുമതി നേടണം. പരിപാടി കഴിഞ്ഞ ഉടൻ ബോർഡുകളും പ്രചരണ സാമഗ്രികളും സ്വന്തം നിലയിൽ മാറ്റണം. നഗരസഭയുടെ അനുമതിയില്ലാതെ പരസ്യ പ്രചരണം പൊതു, സ്വകാര്യ സ്ഥലങ്ങളിൽ പാടില്ല.
സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും നടക്കുന്ന ചടങ്ങുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വേണം. ഇരിട്ടി ടൗൺ റോഡ് ഡിവൈഡറിൽ പരസ്യങ്ങൾ പാടില്ല. പ്രചരണബോർഡുകൾ സ്ഥാപിക്കുമ്പോൾ ടൗണിൽ വെച്ചുപടിപ്പിച്ച പൂച്ചെടികളുും ചെടിച്ചട്ടികളും നശിപ്പിക്കുന്ന പ്രവണതയുണ്ട്. ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ടവരിൽ നിന്നും പിഴ ഈടാക്കും. നിരോധിത വസ്തുക്കൾ കൊണ്ടുള്ള പരസ്യവും വിലക്കിയിട്ടുണ്ട്.
യോഗം ചെയർമാൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ എസ്ഐ കെ.പി. അബ്ദുൽ നാസർ, സംഘടന നേതാക്കളായ പി.പി. പ്രശോഭ്, കെ. സുരേഷ്, പി.ജി. രാമകൃഷ്ണൻ, കെ. ദിവാകരൻ, മനോഹരൻ കൈതപ്രം, ആർ.ഐ പി. രാജശേഖരൻ, മുനിസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, കെ. സുരേഷ്, സമീർ പുന്നാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.