ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം
text_fieldsഇരിട്ടി: നിർമാണം പൂർത്തിയായിട്ടും ഉളിയില്‍ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കാലപ്പഴക്കത്താൽ പഴകി ദ്രവിച്ച ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയാണ് രണ്ടുകോടി രൂപ ചെലവിൽ മൂന്നുനിലയുള്ള പുതിയ ഓഫിസ് കെട്ടിട സമുച്ചയം പൂർത്തീകരിച്ചത്. 2020 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയായി കെട്ടിടം കൈമാറണമെന്നായിരുന്നു കരാര്‍.
എന്നാല്‍, ലോക്ഡൗണും കോവിഡും പണി വൈകിപ്പിക്കുകയായിരുന്നു. വൈദ്യുതി -ഫർണിഷിങ് പ്രവൃത്തി ഉൾപ്പെടെ ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയായി ഒരുവർഷം പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നത്. ഇത് ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ഒരുപോലെ പ്രയാസത്തിലാക്കുന്നു. രജിസ്ട്രേഷൻ സംബന്ധമായ ആവശ്യത്തിന് ഓഫിസിലെത്തുന്ന വയോധികരുൾപ്പെടെ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
നിവേദനം നൽകി
ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാരുടെ സംഘടനയായ എ.കെ.ഡബ്ല്യു.എസ്.എ ഇരിട്ടി മേഖല പ്രസിഡന്റ് എം.പി. മനോഹരൻ മുഖ്യമന്ത്രിക്കും രജിസ്ട്രേഷൻ മന്ത്രിക്കും നിവേദനം നൽകി. ഇരിട്ടിയിൽ പൂർത്തിയായ ഓഫിസ് ആസ്ഥാനത്തിന്റെ പേര് ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് എന്നതിനുപകരം ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസ് എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.