മാക്കൂട്ടം ചുരം പാതയിലെ പൊതുഗതാഗത നിയന്ത്രണം 30 വരെ നീട്ടി
text_fieldsഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം 30 വരെ നീട്ടി. ആഗസ്റ്റ് 16 വരെ ഏർപ്പെടുത്തിയ നിയന്ത്രണമാണ് കുടക് ഭരണകൂടം വീണ്ടും നീട്ടിയത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് വരേണ്ട മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രതിസന്ധിയിലാകും. കുടക് ഭരണകൂടം മാക്കൂട്ടം ചുരം പാത വഴി ഏർപ്പെടുത്തിയ കടുത്ത യാത്രാനിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പൊതുഗതാഗതവും വിലക്കിയിരിക്കുന്നത്.
ഓണത്തിന് ട്രാൻസ്പോർട്ട് ബസുകൾക്ക് പുറമെ ടൂറിസ്റ്റ്, സ്പെഷൽ വാഹനങ്ങൾ ഉൾപ്പെടെ നൂറിലധികം ബസുകളാണ് സീസണിൽ മാത്രം സർവിസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്ക് മാത്രമേ അതിർത്തികടന്ന് എത്താൻ കഴിയൂ. പൊതു ഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയാളികൾക്ക് കടുത്ത യാത്രാദുരിതമാണ് ഉണ്ടായിരിക്കുന്നത്.
നിലവിൽ കേരളത്തിലേക്ക് എത്താൻ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ യാത്രാവാഹനങ്ങൾക്ക് 72 മണിക്കൂർ മുമ്പും ചരക്ക് വാഹനങ്ങൾക്ക് ഏഴ് ദിവസത്തെ കാലാവധിയോടുകൂടിയ ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലവും നിർബന്ധമാണ്. ഇതിന് പുറമെ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂ ഗതാഗതം ഉൾപ്പെടെ നിരോധിച്ചാണ് നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.