കുടകിലേക്കുള്ള പൊതുഗതാഗതം നിലച്ചിട്ട് ഒന്നര മാസം; നിയന്ത്രണം 30 വരെ നീട്ടി
text_fieldsഇരിട്ടി: കേരളം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സാധാരണ നിലയിലേക്ക് നീങ്ങുമ്പോൾ കുടക് ജില്ലയിലേക്ക് മലയാളികൾക്കുള്ള പ്രവേശനത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു. കുടകിലേക്കുള്ള പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനം ഒന്നര മാസം പിന്നിട്ടിട്ടും കർണാടക ഇതുവരെ നീക്കിയില്ല.
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്രകൾക്ക് എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ ഒരു മാസം മുേമ്പ പിൻവലിച്ചെങ്കിലും കേരളത്തിൽ നിന്ന് മാക്കൂട്ടം ചുരം പാതവഴി കുടകിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം അതേപടി നിലനിൽക്കുകയാണ്. പൊതുഗതാഗതത്തിന് എർപ്പെടുത്തിയ നിരോധനം ഈ മാസം 30 വരെ നീട്ടി കുടക് അസി. കമീഷണർ കഴിഞ്ഞ ദിവസം പുതിയ ഉത്തരവുമിറക്കി.
ഒന്നര മാസം മുമ്പ് എർപ്പെടുത്തിയ നിരോധനം വിവിധ ഘട്ടങ്ങളിലായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 13ന് നിരോധനം അവസാനിക്കേണ്ടതായിരുന്നു. കുടകിലേക്കുള്ള പ്രവേശനത്തിന് പരിശോധന ശക്തമാക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം മാക്കൂട്ടം വനം വകുപ്പ് ചെക്പോസ്റ്റിന് സമീപം കേരള റവന്യൂ ഭൂമിയോട് ചേർന്ന് പ്രത്യേക പരിശോധന സംവിധാനവും പ്രവർത്തനം തുടങ്ങി.
കുടകിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുപോലും ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയ നടപടി അതേ പടി തുടരുകയാണ്. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡില്ലാ സർട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുമാണ് വേണ്ടത്.
കുടകിൽ തങ്ങുന്നവർ നിർബന്ധമായും ഏഴുദിവസം ക്വാറൻറീനിൽ നിൽക്കണമെന്ന വ്യവസ്ഥയും നീക്കിയിട്ടില്ല. ഇത്തരം യാത്രക്കാരെ തിരിച്ചറിയുന്നതിന് കൈയിൽ ചാപ്പകുത്തുന്ന രീതിയും ചെക്പോസ്റ്റിൽ നടക്കുന്നുണ്ട്. പൊതുഗതാഗതം പുനഃസ്ഥാപിക്കാത്തതുമൂലം എറെ കഷ്ടപ്പെടുന്നത് മലയാളികളായ തോട്ടം തൊഴിലാളികളും വ്യാപാരികളുമാണ്.
ദിവസവും മാക്കൂട്ടം ചുരം പാതവഴി കുടക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തൊഴിലിനെത്തുന്നവരിൽ ഭൂരിഭാഗവും പൊതുഗതാഗത നിരോധനം മൂലം തൊഴിൽ രഹിതരായിരിക്കുകയാണ്. ആർ.ടി.പി.സി.ആറിെൻറ കാലാവധി 72 മണിക്കൂറായി നിജപ്പെടുത്തിയതോടെ പരിശോധന നടത്താനുള്ള ചെലവ് മൂലം നിത്യ യാത്രക്കാരായ വ്യാപാരികളും ഏറെ പ്രയാസത്തിലാണ്. നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം ഒന്നര മാസത്തിനുള്ളിൽ ഉണ്ടായ ഏക ആശ്വാസം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ പിൻവലിച്ചത് മാത്രമാണ്.
രാത്രി കാല കർഫ്യൂ അതേപടി തുടരുകയുമാണ്. കേരളത്തിൽ രോഗ വ്യാപനതോത് കുറഞ്ഞു വരുന്നതിനാൽ പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.