കാലംതെറ്റിയ മഴ; മലയോര കർഷകരിൽ ആശങ്ക
text_fieldsഇരിട്ടി: കാലവർഷവും തുലാവർഷവും പിൻവാങ്ങി വ്യശ്ചികമാസം പിറന്നിട്ടും ശമനമില്ലാതെ കാലംതെറ്റി പെയ്യുന്ന മഴയിൽ മലയോര കുടിയേറ്റ മേഖലയിൽ ഉൾപ്പെടെ കർഷകർ ആശങ്കയിൽ. ഒരാഴ്ചയായി വൈകീട്ടുള്ള തുടർച്ചയായ കനത്ത മഴകാരണം നെൽകർഷകരുടെയും കുരുമുളക്, കശുവണ്ടി, റബർ കർഷകരുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയാണ്.
പായം, തില്ലങ്കേരി, എടക്കാനം, വിളമന, ആറളം തുടങ്ങിയ പ്രദേശങ്ങളിലെ നെൽവയലുകളിൽ കൊയ്‌ത്തിന് പാകമായ കതിരുകൾ വെള്ളത്തിൽ കുതിരുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ വിളവെടുക്കാറായ കുരുമുളക് കനത്ത മഴയിൽ കൊഴിഞ്ഞുവീഴുന്നത് കർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്.
വൃശ്ചികത്തിലും നിലക്കാതെ പെയ്യുന്ന മഴയിൽ മാനം നോക്കി നിസ്സഹായരായിരിക്കുകയാണ് മലയോര കർഷകർ. ജില്ലയിൽ ജനുവരി ആദ്യം മുതൽ കശുവണ്ടി വിളവെടുപ്പ് ആരംഭിക്കുന്ന ഉളിക്കൽ മേഖലയിലെ കോളിത്തട്ട്, കാലാങ്കി, മാട്ടറ എന്നിവിടങ്ങളിലും ആറളം ഫാം കാർഷിക ഫാമിലും തളിരിടുന്ന കശുമാവുകൾ കനത്ത മഴയിൽ കുതിരുകയാണ്.
റബർ കർഷകരിലും കനത്ത മഴ ദുരിതം വിതക്കുന്നുണ്ട്. മഴ മാറി റബർ കർഷകർ വിളവെടുപ്പ് ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കനത്ത മഴ അപ്രതീക്ഷിതമായി വില്ലനായി എത്തിയത്. റബർ വിലയിടിവിൽ നട്ടം തിരിയുന്ന കർഷകർക്ക് നിർത്താതെയുള്ള മഴയും ദുരിതം വിതക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.