ഇരിട്ടി ബ്ലോക്ക് ഓഫിസിൽ മഴ പെയ്താൽ വെള്ളം കയറും; സങ്കടപരാതിയുമായി പ്രസിഡന്റ്
text_fieldsഇരിട്ടി: നല്ലൊരു മഴ പെയ്താൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വെള്ളത്തിലാകും. വെള്ള പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ദുരിതത്തിന് പരിഹാരം കാണുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് താലൂക്ക് വികസന സമിതി യോഗത്തില്‍ ഓഫിസില്‍ വെള്ളം കയറുന്ന പരാതിയുടെ ചുരുളഴിച്ചത്.
മഴ കനത്താല്‍ കി.മീറ്റര്‍ അകലെനിന്ന് ഒഴുകിയെത്തുന്ന കല്ലും മണ്ണും നിറഞ്ഞ ചളിവെള്ളം ഓവുചാലിലൂടെ ശരിയായി ഒഴുകിപ്പോകാത്തതിനാല്‍ നേരെയെത്തുന്നത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്കാണ്.
ഓരോവര്‍ഷവും മഴക്കാലമായാല്‍ വെള്ളം കയറല്‍ പതിവാണ്. ഇതിനു പരിഹാരം കാണണമെന്ന് പൊതുമരാമത്ത് അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ആവശ്യമായ നടപടി സ്വീകരിച്ചില്ല. വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയില്‍ ഒഴുകിയെത്തിയ മഴവെള്ളം കൊണ്ട് ഓഫിസിനകത്തും പരിസരങ്ങളിലും ചെളിയും കല്ലും മണ്ണും നിറഞ്ഞു ഓഫിസ് പ്രവര്‍ത്തനം താറുമാറായി. ശനിയാഴ്ച നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ എത്തിയ എം.എല്‍.എ, തഹസില്‍ദാര്‍, പൊലീസ്, മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥരെല്ലാം ചെളി നീന്തിക്കടന്നാണ് ബ്ലോക്ക് ഓഫിസ് ഹാളിലെത്തിയത്. പ്രസിഡന്റിന്റെ പരാതി യോഗത്തില്‍ വിശദീകരിച്ചപ്പോള്‍ പങ്കെടുത്ത സണ്ണി ജോസഫ് എം.എല്‍.എ പരിഹാരം കാണാന്‍ പൊതുമരാമത്ത് എ.ഇയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.