കർണാടക വനത്തില്‍ ഉരുള്‍പ്പൊട്ടി; ഉളിക്കല്‍ മേഖലയില്‍ നാശനഷ്ടം
text_fieldsഇരിട്ടി: കനത്ത മഴയില്‍ കർണാടക വനത്തില്‍ ഉരുൾപൊട്ടി. ശക്തമായ നീരൊഴുക്കില്‍ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകള്‍ കരകവിഞ്ഞു. വട്ട്യംതോട്, മാട്ടറ, വയത്തൂര് പാലങ്ങള്‍ വെള്ളത്തിലായി. ഇതോടെ മണിപ്പാറ, പിടികകുന്ന്, മണിക്കടവ് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഗതാഗതവും നിര്‍ത്തിവെച്ചു. രണ്ട് ദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഉളിക്കല്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
മണിക്കടവ് ടൗണിലും കച്ചവട സ്ഥാപനങ്ങളിലും ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്. പാലം ഉയര്‍ത്തി നിർമിക്കണമെന്ന് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. വട്ട്യാംതോട് വളവുപാറയിലെ കൂടക്കാട്ട് ചിന്നമ്മയുടെ വീട്ടില്‍ വെള്ളം കയറി. ഉളിക്കല്‍ പഞ്ചായത്ത് അധികൃതർ ചിന്നമ്മയുടെ വീട് സന്ദര്‍ശിച്ചു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം വന്നാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
കുടകിൽ കാലവർഷം കനത്തു
വീരാജ്പേട്ട: കുടക് ജില്ലയിൽ മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നു. മിക്ക ഭാഗങ്ങളിലും മഴ തോരാതെ പെയ്യുകയാണ്. വീരാജ്പേട്ട-മടിക്കേരി റോഡിലെ ബേത്തിരി, മൂർനാട്-നാപോക്ക്ലു റോഡിലെ വലംബേരി, കൊണ്ടങ്കേരി എന്നിവിടങ്ങളിൽ കാവേരിപുഴ കവിഞ്ഞൊഴുകുന്ന സ്ഥിതിയിലാണ്. പുണ്യക്ഷേത്രം തലക്കാവേരിയിലെ ത്രിവേണി സംഗമം വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു.
കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുശാൽ നഗറിനടുത്ത ഹാറങ്കി ഡാമിലെ ജലനിരപ്പ് കൂടി. നാപോക്ക്ലു, കൊട്ടമുടി, മൂർനാട് റോഡുകൾ പൂർണമായി വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി ഈ വഴിക്കുള്ള ഗതാഗതം നിലച്ചിട്ടുണ്ട്. തിതിമത്തി, ബാളലെ, ഹുദിക്കേരി, ശ്രീ മംഗല, കുട്ട, കാനൂരു എന്നിവിടങ്ങളിൽ മരം കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. കാറ്റും മഴയും കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അവധി അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.