അയ്യങ്കുന്ന്-എടപ്പുഴ മേഖലകളിലെ റീസർവേ വീണ്ടും വിവാദമാകുന്നു
text_fieldsഇരിട്ടി: എടൂർ മുതൽ വാളത്തോട് വരെയുള്ള വെമ്പുഴയുടെ ഇരുകരകളിലും നടത്തിവന്ന റീസർവേ എടപ്പുഴ മേഖലയിൽ വീണ്ടും വിവാദമാകുന്നു. 1967 ലെ സർക്കാർ അംഗീകരിക്കാത്ത രേഖകൾ ഉപയോഗിച്ചുള്ള സർവേ പ്രകാരം പട്ടയമുള്ളതും ഇപ്പോഴും കരം കെട്ടുന്നതുമായ പല ഭൂമികളും പുഴ പുറമ്പോക്കിൽ ഉൾപ്പെടുന്നത് വീണ്ടും പ്രതിസന്ധികൾക്ക് കാരണമാകുന്നു.
1950 ന് ശേഷം കുടിയേറ്റം നടന്ന എടപ്പുഴ, വാളത്തോട് മേഖലകളിൽ സാധാരണക്കാരായ കുടിയേറ്റ കർഷകരുടെ ഭൂമികളാണുള്ളത്. ആയുസിന്റെ പരിശ്രമം മുഴുവൻ ചേർത്തുവെച്ച് പണിതീർത്ത വീടുകളും കൃഷി സ്ഥലങ്ങളും പൂർണമായോ ഭാഗികമായോ പുറമ്പോക്കായി മാറുന്ന അവസ്ഥയിലാണ്. മുളന്താനത്ത് വർഗീസ്, ഈട്ടിക്കൽ കുട്ടി, കോലാട്ടുവെളിയിൽ ജോസ്, കുന്നുപുറത്ത് മാത്യു തുടങ്ങിയ അഞ്ചുപേരുടെ വീടുകൾ റീസർവേ പ്രകാരം പൂർണമായും പുറമ്പോക്കിൽ വരുന്നതായാണ് റിപ്പോർട്ട്. പട്ടയം ലഭിച്ച ഭൂമി പോലും പകുതിയിൽ അധികം നഷ്ടമാകുമെന്ന ആശങ്കയിലാണ് കർഷകർ. പല വീടുകളും ബാങ്ക് വായ്പ എടുത്തു പണി പൂർത്തിയാക്കിയവയാണ്. 1961 ലെ കേരള സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സെക്ഷൻ 9/2 പ്രകാരം വിജ്ഞാപനം നൽകാതെയാണ് 1967ൽ കണ്ണാടി സർവേ പൂർത്തിയാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൃഷി ഭൂമി അല്ലാതെ കാടുകയറി കിടന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താതെ നടന്ന സർവേ അടിസ്ഥാനമാക്കി വീണ്ടും റീസർവേ നടത്തുന്നതാണ് അപാകത. നിലവിൽ ഇവിടങ്ങളിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് റീസർവേ നടക്കുന്നതെങ്കിലും പ്രശ്നങ്ങൾ സങ്കീർണ്ണമാകുകയാണ്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയാനോ പുഴക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകാനോ കർഷകർ എതിരല്ലെന്നും അഞ്ചും പത്തും സെന്ററിൽ വീട് വെച്ചു താമസിക്കുന്ന കർഷകന്റെ അവസ്ഥ ഭരണകൂടങ്ങൾ മനസിലാക്കണമെന്നും റീസർവേ കർമസമിതി ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരത്തിന് ഏക മാർഗം സർക്കാർതല തീരുമാനം മാത്രമാണ്. നിലവിലെ നിർദേശപ്രകാരം 1967 ലെ സർവേ പ്രകാരം റീസർവേ നടത്താനാണ് ഉത്തരവ്. അതുകൊണ്ടുതന്നെ റീസർവേ നടത്തുന്ന ഉദ്യോഗസ്ഥർ പഴയ രേഖകൾ അടിസ്ഥാനമാക്കി സർവേ നടത്തുന്ന ഭൂമി പലതും ഇന്ന് ജനവാസ മേഖലയിൽ ഉൾപ്പെടുന്നവയുമാണ്. അയ്യൻകുന്ന് പഞ്ചായത്ത് പാസ്സാക്കിയ രണ്ട് പ്രമേയത്തിലും തൽസ്ഥിതി തുടരണം എന്നത് ഇതിന്റെ തെളിവാണ്. നിലവിൽ കേസിന്റെ വിധി കർഷകന് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്നതിനെ ആശ്രയിച്ചാണ് എടപ്പുഴ മേഖലയിലെ നിരവധി കർഷക കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.