മാക്കൂട്ടം ചുരം പാതയിൽ വീണ്ടും അപകടം
text_fieldsഇരിട്ടി: കൂട്ടുപുഴ-വീരാജ്പേട്ട മാക്കൂട്ടം ചുരം പാതയിൽ ചരക്കുലോറി നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിന്റെ മതിലും നാലോളം വൈദ്യുതിത്തൂണുകളും തകർത്തശേഷമാണ് ലോറി തോട്ടിലേക്ക് വീണത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
വ്യാഴാഴ്ച പുലർച്ച ഒരുമണിയോടെയായിരുന്നു അപകടം. മൈസൂരുവിൽനിന്നും പലചരക്ക് സാധനങ്ങളുമായി പയ്യന്നൂർ ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മാക്കൂട്ടം കാക്കത്തോട് ദേവീ ക്ഷേത്രത്തിന് മുന്നിലെ വൈദ്യുതി പോസ്റ്റുകളിടിച്ചു തകർത്തശേഷം ക്ഷേത്രത്തിന്റെ മതിലും തകർത്താണ് ലോറി തോട്ടിലേക്ക് വീണത്. കൂട്ടുപുഴ-പെരുമ്പാടി വരെ 17 കിലോമീറ്ററോളം വരുന്ന ഈ കാനനപാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കയാണ്. കഴിഞ്ഞ മാസം മാത്രം ചരക്കുവാഹനങ്ങളും യാത്രാവാഹനങ്ങളുമടക്കം പതിനാറോളം വാഹനാപകടങ്ങൾ ഈ പാതയിൽ ഉണ്ടായതായാണ് വിവരം. ജൂൺ 29ന് ചരക്കുലോറി മറിഞ്ഞ് ആന്ധ്രസ്വദേശിയായ ലോറി ഡ്രൈവർ മരിച്ചിരുന്നു. ഇയാളുടെ സഹായി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു.
റോഡിലെ കയറ്റവും ഇറക്കവും കൊടും വളവുകളും വീതിക്കുറവും റോഡരികിലെ ഇരു ഭാഗങ്ങളിലും വെള്ളമൊഴുകി രൂപപ്പെട്ട ചാലുകളും മറ്റുമാണ് ഏറെയും അപകടം വരുത്തിവെക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ റോഡ് പലയിടങ്ങളിലും ടാറിളകിയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.