അത്തിക്കലിൽ പുലിയിറങ്ങിയതായി അഭ്യൂഹം
text_fieldsഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപാടുകളാണ് സംശയങ്ങൾക്കിടയാക്കിയത്. കഴിഞ്ഞ ദിവസം ആലക്കൽ ജോണിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് കാൽപാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ദ്രുതകർമ സേന മേഖലയിൽ പരിശോധന നടത്തിയെങ്കിലും കാൽപാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മഴപെയ്തതിനാൽ, പാടുകൾ തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയിരുന്നു.
വ്യാഴാഴ്ച രാവിലെ വീട്ടിലേക്കുള്ള വഴിയിൽ വലിയ കാൽപാടുകൾ ശ്രദ്ധയിൽപെട്ടതോടെ ജോണി വനം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ അറിയിച്ചിട്ടും വനം അധികൃതർ എത്തിയത് വൈകീട്ടായിരുന്നു. അപ്പോഴേക്കും മഴ ചെയ്തതിനാൽ കാൽപാടുകൾ ഭാഗികമായി മാഞ്ഞിരുന്നു.
15 സെന്റിമീറ്ററോളം വലുപ്പം വരുന്ന കാൽപാടുകളാണ് ഉണ്ടായിരുന്നതെന്ന് ജോണി പറഞ്ഞു. രാത്രി പതിനൊന്നരയോടെ വീണ്ടും വനംവകുപ്പ് അധികൃതർ എത്തിയെങ്കിലും കാൽപാടുകൾ പൂർണമായി മാഞ്ഞുപോയ നിലയിലായിരുന്നു. പുലിയുടേത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വന്യമൃഗത്തിന്റെ കാൽപാടുകൾ തന്നെയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. നേരത്തേ കടുവയും മലയോര മേഖലയിൽ വൻ ആശങ്ക പരത്തിയിരുന്നു. ജനവാസ മേഖലയിൽ എത്തിയ മൃഗം കടുവയാണെന്ന് സ്ഥിരീകരിക്കാൻ ദിവസങ്ങൾ എടുത്തിരുന്നു. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ വ്യാപകമായി ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് ഇവ വ്യാപകമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.