സ്കൂളിൽ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
text_fieldsഇരിട്ടി: ആറളം സ്കൂളിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. സ്കൂളിൽ ബോംബ് കൊണ്ടുെവച്ച സാമൂഹിക ഭീകരരെ ഉടൻ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആറളം മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് ആറളം പൊതിയോടംമുക്കിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കെ.വി. ബഷീർ, ജോഷി പാലമറ്റം, സി. അബ്ദുന്നാസർ, പി. അബൂബക്കർ ഹാജി, കെ.പി. അജ്മൽ, ഇ. യൂസഫ്, മരോൻ അബ്ദുല്ല, പി. യസീദ്, കെ.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു. കെ. ഷിഹാബുദ്ദീൻ, പി. താജുദ്ദീൻ, പി. ജംഷീദ്, പി. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.
ആറളം: സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ് പൂക്കോത്ത് സിറാജ്, ജനറൽ സെക്രട്ടറി കെ.പി. അജ്മൽ എന്നിവർ ആവശ്യപ്പെട്ടു. വിവിധ തെരഞ്ഞെടുപ്പുകളിൽ പോളിങ് ബൂത്തായി ഉപയോഗിക്കുന്ന സ്കൂൾ കെട്ടിടത്തിനു സമീപത്തുള്ള ശൗചാലയത്തിൽനിന്ന് ബോംബ് കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായും യൂത്ത് ലീഗ് ഭാരവാഹികൾ ആരോപിച്ചു.
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും സമാധാനം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ഒരുമിക്കണമെന്നും വെൽഫെയർ പാർട്ടി ആറളം യൂനിറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.കെ. ഫൈസൽ, നാസർ ഈരടത്ത്, ഖൈറുന്നിസ, സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
നടപടി വേണം –പി.ടി.എ
നീണ്ട ഇടവേളക്കുശേഷം വിദ്യാലയം തുറന്നുപ്രവര്‍ത്തിക്കാന്‍ ഒരുക്കങ്ങൾ നടത്തുന്നതിനിടെ ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോംബ് കണ്ടെത്തിയത് അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്കയുളവാക്കി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന, മലയോര മേഖലയില്‍ മികച്ച നിലവാരമുള്ള വിദ്യാലയത്തെ കരിവാരിത്തേക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നാണെങ്കിലും ശക്തമായി അപലപിക്കുന്നതായും പ്രതികളെ വെളിച്ചത്തുകൊണ്ടുവരണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പി.ടി.എ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ കെ. സുരേന്ദ്രന്, പ്രധാനാധ്യാപകൻ കെ.വി. സജി, മറ്റുസമിതി അംഗങ്ങള്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.