ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ രണ്ടാം ഷിഫ്റ്റിന് ആരംഭം
text_fieldsഇരിട്ടി: താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയലിസിസ് യൂനിറ്റ് മലയോര മേഖലയിലെ നിർധനരായ വൃക്ക രോഗികൾക്ക് കൈത്താങ്ങാകുന്നു. കനിവ് കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹായത്തോടെ യൂനിറ്റിൽ രണ്ടാമത്തെ വിഭാഗം ചൊവ്വാഴ്ച പ്രവർത്തനക്ഷമമായി.
രണ്ട് ഷിഫ്റ്റുകളിലായി 40ഓളം പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ജനകീയ കൂട്ടായ്മയിൽ പൂർത്തിയാക്കിയത്. രണ്ടാം ഷിഫ്റ്റ് നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നാലുവർഷം കൊണ്ട് നിർധനരായ രോഗികൾക്ക് 11,867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസ് യന്ത്രങ്ങളിൽ ഒരുഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്.
മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ സാധ്യമായത്. ഇരിട്ടി നഗരസഭക്ക് പുറമെ ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളാണ് താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ് പരിധിയിൽ വരുന്നത്.
ഇവിടങ്ങളിൽ നിന്നെല്ലാമായി 250ഓളം പേരാണ് ഡയാലിസിസിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 90 ശതമാനവും നിർധനരായ രോഗികളാണ്. മൂന്നാം ഷിഫ്റ്റ് കൂടി പ്രവർത്തന ക്ഷമമാകുന്നതോടെ ഇതിൽ കൂടുതൽപേർക്ക് സൗജന്യമായി ഡയാലിസിസിനുള്ള സൗകര്യമാകും.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യഷരായ കെ. സോയ, എ.കെ. രവീന്ദ്രൻ, കൗൺസിലർമാരായ വി. ശശി, കെ. നന്ദനൻ, ബിന്ദു, വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയ്യൂബ് പൊയിലൻ, അജയൻ പായം, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, ഹെഡ് നഴ്സ് എ.കെ. ഹിമ തുടങ്ങിയവർ സംബന്ധിച്ചു.
കനിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ, കുടുംബശ്രീയൂനിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നത്.
ഒരുമാസം ഒരു ഷിഫ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ നാലു ലക്ഷത്തോളം രൂപ ചെലവ് വരും. രണ്ടാത്തെ ഷിഫ്റ്റ് കൂടി പ്രവർത്തിക്കുന്നതോടെ എട്ട് ലക്ഷത്തോളം രൂപയാകും. ഇതിനായി സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കനിവ് കിഡ്നി വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ.
ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ സ്വരൂപിച്ച തുക കിഡ്നി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതക്ക് പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ തുക കൈമാറി. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കനിവ് കിഡ്നി വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ അയ്യൂബ് പൊയിലൻ, അജയൻ പായം എന്നിവരും അധ്യാപകരായ പുരുഷോത്തമൻ പി.വി. ശശീന്ദ്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.