സുരക്ഷാവേലി പരിപാലനം പഞ്ചായത്തുകൾക്ക് കൈമാറും -മന്ത്രി
text_fieldsഇരിട്ടി: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള അടിയന്തര മാർഗങ്ങളായ ആനമതിലുകൾ, ട്രെഞ്ചിങ്, സോളാർ ഹാങ്ങിങ് ഫെൻസിങ് തുടങ്ങിയവയുടെ പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിക്കുമെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. ജില്ലയിലെ മലയോര മേഖലയിലെ നിയമസഭ മണ്ഡലങ്ങളുടെ വനസൗഹൃദ സദസ്സ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറളം ഫാം മേഖലയിൽ ആനപ്രതിരോധ മതിൽ നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. ആറളം ഫാം കേന്ദ്രമാക്കി ആർ.ആർ.ടിക്ക് പുറമേ 21 അംഗ സ്പെഷൽ ടീം രൂപവത്കരിച്ചു. വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരത്തിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കും.
ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് പോരെന്നും സർക്കാർ സിവിൽ സർജന്റെ സർട്ടിഫിക്കറ്റ് വേണമെന്നുമുള്ള വ്യവസ്ഥയിൽ ഇളവനുവദിക്കുന്ന ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങളൊരുക്കുന്നതിനും വന്യമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമുയർത്തുന്നതിനും വിതരണത്തിലെ കാലതാമസമൊഴിവാക്കുന്നതിനും നടപടികളുണ്ടാകണമെന്നാണ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടത്.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിലെ പോരായ്മകളും തോക്ക് ലൈസൻസിനുണ്ടാകുന്ന കാലതാമാസവും വനമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിന് അനുമതി ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസവും ജനപ്രതിനിധികൾ ഉന്നയിച്ചു. പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നേരിട്ടുന്നയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും മന്ത്രിമാർക്ക് എഴുതി നൽകാൻ അവസരം ലഭിച്ചു.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ജസ്റ്റിൻ മോഹൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ഷാജി, തോമസ് വർഗീസ്, മാത്യു കുന്നപ്പള്ളി, ബാബുരാജ് ഉളിക്കൽ, സി.വി.എം. വിജയൻ.
കെ. സുരേശൻ, തോമസ് തയ്യിൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് ഷബാബ്, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ എന്നിവർ സംസാരിച്ചു. 10.5 കിലോമീറ്റർ സോളാർ തൂക്കുവേലി സ്ഥാപിച്ചതിന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.