കേരളത്തിൽനിന്ന് കർണാടകയിലേക്ക് കടക്കാൻ നേരിയ ഇളവ്; വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചു
text_fieldsഇരിട്ടി: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആഴ്ചകളായി നിലനിന്നിരുന്ന വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചു. ഒപ്പം കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവും അനുവദിച്ചു.
ഒക്ടോബർ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കർണാടക പൗരന്മാർ ജാഗ്രത പാലിക്കണമെന്നും കേരളത്തിൽനിന്ന് വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കർണാടകയിലേക്ക് അത്യാവശ്യക്കാർ മാത്രമേ പ്രവേശിക്കാവൂവെന്നും കുടക് ഡെപ്യൂട്ടി കമീഷണർ ചാരുലത സോമൽ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നു. കുടകിൽ ജോലിക്ക് എത്തുന്നവരും നിയന്ത്രണം പാലിക്കണം.
മാക്കൂട്ടം -ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാത്രികാല കർഫ്യൂ അതേപടി നിലനിൽക്കും.
അത്യാഹിതം സംഭവിച്ച് അതിർത്തി കടന്ന് ആശുപത്രികളിൽ എത്തേണ്ടവർക്കും മാരക രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവ് തുടരും.വിദ്യാർഥികളിൽ പരീക്ഷക്ക് പോകേണ്ടവർക്കും വിമാന യാത്രക്കാർക്കും അനുവദിച്ച ഇളവും നിലനിൽക്കും. കുടകിൽ ഒരു ദിവസത്തെ യാത്രക്ക് എത്തുന്നവർക്ക് ക്വാറൻറീൻ ആവശ്യമില്ല.അവിടെ തങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തി ചെക്പോസ്റ്റിൽ പ്രത്യേക പരിശോധനയും ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.