സൗരോർജ വഴിവിളക്ക് ബാറ്ററി മോഷ്ടാവ് പിടിയിൽ
text_fieldsഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ തെരുവ് വിളക്കിന്റെ ബാറ്ററികൾ മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി. ഉളിയിൽ പാലത്തിന് സമീപം വിളക്കുകാലിൽനിന്ന് ബാറ്ററി അഴിച്ചുമാറ്റുന്നതിനിടെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്തെ കുമണ്ണ കാവുങ്ങുംതോട്ടത്തിൽ കുഞ്ഞ് ഹസ്സനെ (41) യാണ് മട്ടന്നൂർ പൊലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ഉളിയിൽ പാലത്തിന് സമീപത്ത് ഗുഡ്സ് ഓട്ടോയിലെത്തിയ രണ്ടംഗ സംഘം സൗരോർജ വിളക്കിന്റെ ബാറ്ററി അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ മോഷ്ടാവിനെ തടഞ്ഞുവെച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ ഗുഡ്സ് ഓട്ടോയുമായി കടന്നുകളഞ്ഞു. മോഷ്ടാവിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോളാർ വിളക്കിൽനിന്ന് അഴിച്ച രണ്ടു ബാറ്ററികളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂട്ടുപുഴ മുതൽ തലശ്ശേരി വരെ സ്ഥാപിച്ച വിളക്കുകളിൽ മൂന്നിലൊന്ന് പോലും ഇപ്പോൾ പ്രകാശിക്കുന്നില്ല. ഒരെണ്ണത്തിന് ഒരുലക്ഷത്തോളം ചിചെലവ് വരുന്ന നൂറുകണക്കിന് വിളക്കുകളാണ് സ്ഥാപിച്ചത്. മട്ടന്നൂർ മുതൽ കളറോഡ് വരെയുള്ള ഭാഗങ്ങളിൽ ഒന്നുപോലും പ്രകാശിക്കുന്നില്ല.
ഇവിടങ്ങളിലാണ് വ്യാപകമായി ബാറ്ററി മോഷണവും വാഹനം ഇടിച്ചുതകർക്കലും ഉണ്ടായിരിക്കുന്നത്. ഇരിട്ടി ടൗണിൽ പ്രവർത്തനരഹിതമായ 30ഓളം വിളക്കുകളുണ്ട്. തലശ്ശേരി മുതൽ വളവുപാറ വരെ വിളക്കുകൾ സ്ഥാപിക്കുന്നതിന് ഒമ്പത് കോടിയോളം രൂപയാണ് കെ.എസ്.ടി.പി ഫണ്ടിൽ അനുവദിച്ചത്. വിളക്കുകൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
മാസങ്ങൾക്കുള്ളിൽ എല്ലാം പ്രവർത്തനരഹിതമായി. തുരുമ്പെടുത്ത് യാത്രക്കാരുടെ തലക്ക് മുകളിൽ ഏത് നിമിഷവും തകർന്നുവീഴാറായവ നാട്ടുകാരുടെ പരാതികൾക്കെടുവിൽ ഊരിവെച്ചു. അവശേഷിക്കുന്നവയാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്. റോഡിന്റെയും പാലങ്ങളുടെയും നവീകരണം പൂർത്തിയാക്കി കെ.എസ്.ടി.പി റോഡും പാലങ്ങളും പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തെങ്കിലും വഴിവിളക്കുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.