സൂചിമുഖി വെള്ളച്ചാട്ടം; അടിസ്ഥാനസൗകര്യം ഒരുങ്ങുമോ?
text_fieldsഇരിട്ടി: സ്വപ്നക്കാഴ്ചകളുടെ സുന്ദര നിമിഷങ്ങൾ സ്വന്തമാക്കാൻ സഞ്ചാരികൾ എത്തുമ്പോഴും ടൂറിസം വികസനം കൊതിച്ച് സൂചിമുഖി വെള്ളച്ചാട്ടം.
സഹ്യന്റെ മലഞ്ചരിവുകളിലെ നിബിഡ വനത്തിൽനിന്ന് വെറുമൊരു നീർച്ചാലായി പിറവികൊണ്ട് ചെറുതും വലുതുമായ മലമടക്കുകളിലൂടെ കരിമ്പാറകളിൽ അലതല്ലി പതഞ്ഞൊഴുകിയെത്തുന്ന ഈ സഹ്യപുത്രി സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്.
മലയോര കേന്ദ്രമായ ഇരിട്ടി പട്ടണത്തിന്റെ വിവിധ ശാഖകളിലായി വളർന്നുനിൽക്കുന്ന അഞ്ച് മലകളുടെ നാടായ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിൽനിന്ന് എടപ്പുഴ വഴി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ വാളത്തോടെത്താം. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ കർണാടക വനമേഖലയാണ്.
വാളത്തോട് ടൗണിൽനിന്ന് അര കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്നത് കാഴ്ചകളുടെ പറുദീസ ഒരുക്കി കരിമ്പാറക്കെട്ടിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളപുതച്ച അതിമനോഹരമായ സൂചിമുഖി വെള്ളച്ചാട്ടത്തിലാണ്.
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഏറെ കൗതുകം നൽകുന്ന പ്രദേശത്ത് ആവശ്യമായ സുരക്ഷകൂടി ഒരുക്കിയാൽ സൂചിമുഖി കണ്ണൂർ ജില്ലയുടെ ടൂറിസം കേന്ദ്രമാകും.
അയ്യൻകുന്ന് പഞ്ചായത്തിലെ പ്രധാന പുഴകളിൽ ഒന്നായ വെമ്പുഴയുടെ ആരംഭമെന്നോ പ്രധാന കൈവഴിയെന്നോ വേണം സൂചിമുഖിയെ വിളിക്കാൻ. വാളത്തോട് ചതിരൂർ നൂറ്റിപ്പത്ത് കോളനി റോഡിൽനിന്ന് ഇടവഴിയിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിൽ എത്താൻ.
മൂന്ന് തട്ടുകളായി കരിമ്പാറ കൂട്ടത്തിൽനിന്ന് സ്ഫടിക മുത്തുകൾ വാരിവിതറി കുതിച്ചെത്തുന്ന സുന്ദരിയെ കണ്ടാൽ ആരും ഒരുനിമിഷം കണ്ണിമ വെട്ടാതെ നോക്കിനിൽക്കും. കാണാൻ സുന്ദരിയാണെങ്കിലും മഴ കടുത്താൽ പാറക്കെട്ടുകളിലൂടെ കയറി വെള്ളച്ചാട്ടത്തിലെത്തുക ദുഷ്കരവും അപകടം നിറഞ്ഞതുമാണ്.
എട്ടു മാസത്തോളം സജീവമായി നിലനിൽക്കുന്ന വെള്ളച്ചാട്ടം വേനലിൽ നീരൊഴുക്ക് കുറഞ്ഞു ശുഷ്കിച്ചുപോകാറാണ് പതിവ്.
നടവഴിയും സുരക്ഷാവേലികളും പടിക്കെട്ടുകളും ഒരുക്കി പ്രകൃതിയൊരുക്കുന്ന മനോഹര കാഴ്ചയെ സഞ്ചാരികൾക്കായി തുറന്നുനൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.