മലയോരത്ത് സമാന്തര സർവിസ് കർശന നടപടി
text_fieldsഇരിട്ടി: മലയോരത്ത് സമാന്തര സർവിസുകൾ വ്യാപകമായതോടെ സ്വകാര്യ ബസ് സർവിസുകൾ പ്രതിസന്ധിയിൽ. ബസുകൾക്ക് മുന്നിൽ ഓട്ടോകളും ടാക്സികളും യാത്രക്കാരെ കയറ്റി പോകുന്നത് പതിവായതോടെ ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവിസുകൾ പലതും നിർത്തിയതോടെ അധികൃതർ നടപടികളുമായി രംഗത്തെത്തി. ബസുകളുടെ നിലവിലുള്ള സർവിസുകൾ പുനസ്ഥാപിക്കുന്നതിനും ഓടിക്കൊണ്ടിരിക്കുന്ന സർവിസുകൾ നിലനിർത്തുന്നതിനുമായി മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കും.
ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ട്രിപ്പുമായി വരുന്ന ഓട്ടോകളും ടാക്സികളും പ്രധാന കവലകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റിപോകുന്നത് പതിവായിരുന്നു. ഇത് നഗരത്തിലെ ഓട്ടോ, ടാക്സികൾക്കും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ട്രിപ്പ് വിളിച്ചു വരുന്നവരിൽ നിന്നും യഥാർഥ നിരക്ക് ഈടാക്കിയ ശേഷം മടക്കയാത്രയിൽ ആളുകളെ കയറ്റിപോകുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ലാഭമാണ് ഇത്തരം പ്രവണത കൂടുന്നതിനിടയാക്കിയത്. ഇതുമൂലം ഈ റൂട്ടുകളിലേക്ക് ഓടുന്ന ബസുകൾക്ക് വലിയ നഷ്ട മുണ്ടായി. ബസ് തൊഴിലാളികളുടെ ഒറ്റപ്പെട്ട പ്രതിഷേധം ഉയരുന്നതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിരുന്നില്ല.
താലൂക്ക് പരിധിയിലെ വിവിധ ട്രേഡ് യൂനിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നടപടി ശക്തമാക്കാൻ തീരുമാനമായത്. ഇരിട്ടി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ മലയോര മേഖലയിലെ സ്വകാര്യ ബസുകൾക്ക് മുമ്പിൽ ഓട്ടോ, ഓട്ടോടാക്സി, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ആളുകളെ കയറ്റി പോകുന്നതിനെ കുറിച്ചുള്ള വ്യാപക പരാതിയെ തുടർന്നാണ് സംയുക്ത യോഗം വിളിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ടൈറ്റസ് ബെന്നി അധ്യക്ഷതവഹിച്ചു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ സി.എ. പ്രദീപ് കുമാർ, ഇരിട്ടി എസ്.ഐ രാജീവൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷനിൽകുമാർ, എൻഫോഴ്സ്മെന്റ് അസി. വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്, ബസ് ഉടമകളേയും തൊഴിലാളി യൂനിയനുകളേയും പ്രതിനിധീകരിച്ച് അജയൻ പായം, സാബു സെന്റ് ജൂഡ്, പി. ചന്ദ്രൻ എന്നിവരും വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.