അന്തർസംസ്ഥാന പാതയിൽ കടുത്ത നിയന്ത്രണം; യാത്രക്കാരെ തിരിച്ചയച്ചു
text_fieldsഇരിട്ടി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും, കർണാടകത്തിലേക്ക് പ്രവേശിക്കുന്ന മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടക് ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ ശക്തമാക്കി. യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ തടഞ്ഞുനിർത്തിയാണ് പരിശോധന. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിനെ സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ നൂറുകണക്കിന് യാത്രക്കാരെ തിങ്കളാഴ്ച ചെക്ക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും പ്രവേശനാനുമതി നിഷേധിച്ചു. മാക്കൂട്ടത്ത് റോഡ് ഭാഗിമായി അടക്കുകയും പരിശോധനക്ക് പൊലീസിനെ നിയോഗിക്കുകയും ചെയ്തു.
24 മണിക്കൂറും ചെക്ക്പോസ്റ്റിൽ പരിശോധന സംവിധാനം ഏർപ്പെടുത്തി. ഇതിനായി എസ്.ഐയുടെ നേതൃത്വത്തിൽ നാലു പൊലീസുകാരെ മൂന്ന് ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ, ലാബ് അസിസ്റ്റൻറ്, വില്ലേജ് ഓഫിസർ എന്നിവർ അടങ്ങിയ നാലു ജീവനക്കാരെയും മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും പരിശോധനക്കായി നിയോഗിച്ചു.നേരത്തെ, രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കർണാടകത്തിലേക്ക് പ്രവേശനാനുമതി നൽകിയിരുന്നു. ഇപ്പോൾ വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റാണ് നിർബന്ധമാക്കിയിരിക്കുന്നത്.
ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തെ 14 ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് മതിയായിരുന്നു. കുടക് ജില്ല ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണം നൂറുകണക്കിന് യാത്രക്കാരെയും വ്യാപാരികളെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്.അതിർത്തിയിലെ നിയന്ത്രണങ്ങൾ പരിശോധിക്കാൻ വീരാജ് പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യയും തിങ്കളാഴ്ച മാക്കൂട്ടത്ത് എത്തിയിരുന്നു.
അർധരാത്രിയിലെ ഉത്തരവ് വിനയായി
കുടക് ജില്ല ഭരണകൂടം അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച ഉത്തരവ് ഇറങ്ങിയത് തിങ്കളാഴ്ച പുലർച്ച ഒരുമണിക്ക് ശേഷം. പലരും നേരം വെളുത്ത് ഏറെ വൈകിയ ശേഷമാണ് ചെക്ക് പോസ്റ്റിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് അറിയുന്നതുപോലും. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികളെയും രണ്ട് ഡോസ് വാക്സിനെടുത്ത് സ്ഥിരം യാത്ര ചെയ്യുന്നവരെയുമാണ് പുതിയ ഉത്തരവ് ഏറെ ബാധിച്ചത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുപോലും നിയന്ത്രണം വന്നത് കടുത്ത എതിർപ്പിനും ഇടയാക്കി. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലമാണ് നിഷ്കർഷിച്ചിരിക്കുന്നത്. രണ്ട് ഡോസ് എടുത്ത് ദൂരസ്ഥലങ്ങളിൽനിന്നും എത്തിയവർ ഏറെനേരം ചെക്ക്പോസ്റ്റിൽ കുടുങ്ങി. പലരും ടെസ്റ്റ് നടത്താനായി വീണ്ടും ഇരിട്ടിയിൽ തിരിച്ചെത്തി.
ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നും പച്ചക്കറികളും മറ്റുമായി വന്ന വാഹന തൊഴിലാളികൾക്ക് തിരിച്ചുപോകാനും കഴിഞ്ഞില്ല. പലർക്കും ഏഴ് ദിവസം മുമ്പ് എടുത്ത പരിശോധന ഫലമായിരുന്നു ഉണ്ടായിരുന്നത്. ചരക്ക് വാഹന തൊഴിലാളികൾക്ക് ഉണ്ടായിരുന്ന 14 ദിവസത്തെ പരിരക്ഷ ഏഴ് ദിവസമാക്കി ചുരുക്കിയതോടെ നിരവധി പേർ ചെക്ക്പോസ്റ്റിൽ കുടുങ്ങി. പലരും വീണ്ടും ടെസ്റ്റ് നടത്തിയതിനെ സർട്ടിഫിക്കറ്റ് കാണിച്ചാണ് തിരിച്ചുപോയത്. അത്യാഹിതം സംഭവിച്ച് അതിർത്തി കടന്ന് ആശുപത്രികളിൽ എത്തേണ്ടവർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് അനുവദിച്ചു. ഇത്തരം യാത്രക്കാർക്കും അവർക്കൊപ്പം ഉള്ളവർക്കും ചെക്ക്പോസ്റ്റിൽ തന്നെ ആൻറിജൻ പരിശോധനക്കുള്ള സംവിധാനം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.