വേനൽ കനക്കുന്നു; മലയോരത്ത് പലയിടത്തും തീപിടിത്തം
text_fieldsഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ വൻ തീപിടിത്തം. ഏകദേശം ഏഴ് ഏക്കറോളം കൃഷിഭൂമിയിലെ കശുമാവ് ഉൾപ്പെടെ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.45 ഓടുകൂടിയാണ് തീപിടിത്തം.
ബാരാപോൾ കനാലിനോട് ചേർന്ന് ഇലവുങ്കൽ ആഷിക്കിന്റെ കൃഷിഭൂമിയിലാണ് ആദ്യം തീപിടിച്ചത്. ആഷിക്കിന്റെ അഞ്ചേക്കറോളം വരുന്ന കൃഷിഭൂമിയും ഫ്രാൻസിസ് വാഴപ്പള്ളിയുടെ ഒരേക്കർ കൃഷിഭൂമിയും ഇലവുങ്കൽ മാത്യൂസിന്റെ രണ്ടേക്കർ കൃഷി ഭൂമിയും കത്തിനശിച്ചു. ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പുകൾ നശിച്ചു. കശുമാവിൻ തോട്ടത്തിൽനിന്ന് സമീപത്തെ റബർ തോട്ടത്തിലേക്കും തീ വ്യാപിച്ചെങ്കിലും നാട്ടുകാർ തീയണച്ചു. നിരവധി കശുമാവുകൾ കത്തിനശിച്ചു. ഇരിട്ടിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
സ്റ്റേഷൻ ചാർജ് പി.പി. രാജീവൻ, അസി. സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ, ഫയർ ഓഫിസർമാരായ കെ.വി. തോമസ്, അനീഷ് മാത്യു, ആർ.പി. ബഞ്ചമിൻ, കെ. രോഷിത്, എൻ.ജെ. അനു, ഹോംഗാർഡുമാരായ പി.പി. വിനോയി, വി. രമേശൻ, സദാനന്ദൻ ആലക്കണ്ടി, ടി. ശ്രീജിത്ത്, ബി. പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.
ആലക്കോട്: കോളി പ്ലാന്റേഷന് ആദിവാസി പുനരധിവാസ മേഖലയില്‍ തീപിടിത്തം. ബുധനാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് ഏക്കറുകളോളം പ്രദേശത്ത് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ തീവ്രശ്രമം നടത്തിയ ശേഷമാണ് തൊട്ടടുത്ത ജനവാസ മേഖലയിലേക്ക് പടരുന്നത് തടഞ്ഞത്. ഇവിടെയുണ്ടായിരുന്ന ഏതാനും ചില ഷെഡുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും താമസക്കാരില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ചെറുപുഴ: കൊല്ലാടയിലെ നവാസ് മുതുവയലിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ തരിശുസ്ഥലം കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. പെരിങ്ങോം അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.