വേനൽ കനത്തു: മലയോരത്ത് തീപിടിത്തം വ്യാപകം
text_fieldsഇരിട്ടി: വേനൽ കനത്തതോടെ മലയോര മേഖലയിൽ ആറിടങ്ങളിലായി തീപിടിത്തം. ബുധനാഴ്ച മണിപ്പാറ, കുന്നോത്ത്, എടക്കാനം, ഉളിക്കൽ, വയത്തൂർ, കീഴൂർ കൂളിച്ചമ്പ്രാ എന്നിവിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ കശുമാവ്, റബർ, മറ്റ് മരങ്ങൾ എന്നിവയാണ് കത്തിനശിച്ചത്. എടക്കാനത്ത് വക്കാടൻ രാജേഷിന്റെ മൂന്ന് സ്ഥലമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. ജെയിംസ്, രാജേഷ്, ശാരദ എന്നിവരുടെ സ്ഥലങ്ങളും അഗ്നിക്കിരയായി.
സ്റ്റേഷൻ ഓഫിസർ കെ. രാജീവന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ ബെന്നി ദേവസ്യ, മഹറൂഫ് വാഴോത്ത്, സി. പി. വിജേഷ്, എം. അരുൺ കുമാർ, കെ.വി. തോമസ്, ഡ്രൈവർ ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. വ്യാഴാഴ്ച മലയോര മേഖലയിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.
മട്ടന്നൂരിൽ വലഞ്ഞ് അഗ്നിരക്ഷാ സേന
മട്ടന്നൂര്‍: വേനല്‍ കടുത്തതോടെ പറമ്പുകളിലും കാടുകളിലും മട്ടന്നൂര്‍ മേഖലയില്‍ തീപിടിത്തം വ്യാപകം. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവള റണ്‍വേക്ക് സമീപം നാഗവളവില്‍ 40 ഏക്കര്‍ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഇതേ സ്ഥലത്ത് വ്യാഴാഴ്ച വീണ്ടും തീപിടിത്തമുണ്ടായി. മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷസേന ആറു മണിക്കൂറിലധികം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മട്ടന്നൂര്‍ മേഖലയില്‍ മൂന്നു ദിവസത്തിനിടെ പതിനൊന്നിലധികം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. മട്ടന്നൂര്‍ ടൗണ്‍, കാര, തില്ലങ്കേരി ആലാച്ചി, പനയത്താംപറമ്പ് മുടക്കണ്ടി, നാഗവളവ്, നെടുവോട്ടുംകുന്ന് എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തിനിടെ തീപിടിത്തമുണ്ടായി. കൊളപ്പയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലും തീപിടിച്ചു.
ഇവിടങ്ങളില്‍ ഓടിയെത്താന്‍ ബുദ്ധിമുട്ടുകയാണ് മട്ടന്നൂര്‍ അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാര്‍. മിക്കയിടത്തും ഒഴിഞ്ഞ പറമ്പിലാണ് തീപിടിക്കുന്നതെങ്കിലും ഉടന്‍ കെടുത്തിയില്ലെങ്കില്‍ കൂടുതല്‍ സ്ഥലത്ത് തീപടര്‍ന്ന് വന്‍ അപകടത്തിലേക്ക് എത്തും. റബർതോട്ടങ്ങളിലും കശുമാവിന്‍തോട്ടങ്ങളിലും വ്യാപകമായി തീപിടിത്തമുണ്ടാകുന്നുണ്ട്. ആളുകള്‍ തീയിടുന്ന സംഭവങ്ങളുമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
സ്വന്തമായി ഓഫിസ് കെട്ടിടം പോലുമില്ലാതെ കഷ്ടപ്പെടുകയാണ് മട്ടന്നൂരില്‍ അഗ്നിരക്ഷ നിലയത്തിലെ ഉദ്യോഗസ്ഥര്‍. വായന്തോട് വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ്. പുതിയ ഓഫിസിന്റെ നിര്‍മാണം നടക്കുന്നുണ്ട്. മൂന്നു വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ കുറവ് പലപ്പോഴും പ്രശ്നമാകാറുണ്ട്. പുതുതായി ലഭിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഫയർ എന്ജിന് മീറ്റര്‍ തകരാറു മൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
മോട്ടോര്‍ മുതലായ ഉപകരണങ്ങളുടെ അപര്യാപ്തതയുമുണ്ട്. ഉള്‍മേഖലകളില്‍ തീപിടിക്കുമ്പോള്‍ ഫയര്എന്ജിനുകള്ക്ക് സ്ഥലത്ത് ചെന്നെത്താന്‍ കഴിയാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.