താലൂക്ക് വികസന സമിതി യോഗം; ഇരിട്ടിയിൽ ദുരന്തനിവാരണ മുന്നൊരുക്കം നടത്തും
text_fieldsഇരട്ടി: കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വഴിയരികിൽ നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണം. ഇക്കാര്യം ട്രീ കമ്മിറ്റികൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിനായി കലക്ടറെ തഹസിൽദാർ വിവരം ധരിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിനു മുകളിൽ കഴിഞ്ഞദിവസം തന്തോടുവെച്ച് മരം വീണതുൾപ്പെടെ ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് (എം) പ്രതിനിധി വിപിൻ തോമസ് വിഷയമുന്നയിച്ചപ്പോഴായിരുന്നു ഈ തീരുമാനം.
അത്തിക്കുന്നിൽ നിന്ന് ഒഴുകിവരുന്ന വെള്ളം ഒഴുകിപ്പോകാൻ തക്കവണ്ണമുള്ള ഓവുചാല് സംവിധാനം ഇല്ലാത്തതും ഉള്ള ഓവുചാൽ അടഞ്ഞിരിക്കുന്നതും സിവിൽ സ്റ്റേഷൻ നിർമാണത്തിന് നിലവിലുള്ള തോട് ചെറുതാക്കിയതും ഇരിട്ടി പഴഞ്ചേരി മുക്കിനെ ഇനിയും മഴക്കാലത്ത് വെള്ളത്തിനടിയിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കോൺഗ്രസ് പ്രതിനിധി പി. കെ. ജനാർദനൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ എന്നിവർ ചൂണ്ടിക്കാട്ടി.
സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ അപാകതകൾ മൂലമുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയെ കൊണ്ട് പണം ചെലവഴിപ്പിക്കുന്നത് ശരിയല്ലെന്ന് ലീഗ് പ്രതിനിധി ഇബ്രാഹീം മുണ്ടേരി പറഞ്ഞു. പേരാവൂർ റോഡ് ഉയർത്തിയതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ നേരത്തെ നടത്തിയിരുന്നെങ്കിലും ഓവുചാലുകളിലൂടെയും തോടിലൂടെയും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ മഴക്കാലത്ത് പയഞ്ചേരി മുക്കിൽ ഗുരുതര സ്ഥിതിവിശേഷമാണ് സംഭവിക്കുകയെന്ന് എം.എൽ.എ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയം പരിഗണിക്കണം. ആറളം വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിനായി പാർശ്വഭിത്തിയുടെ അധിക നിർമാണം നടപ്പാക്കുന്നതിന് ലാൻഡ് റവന്യൂ കമീഷനിൽ നിന്ന് ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉന്നയിച്ച കാര്യത്തിൽ നടപടിക്രമങ്ങൾ ചർച്ച ചെയ്യുമ്പോഴായിരുന്നു ഈ തീരുമാനം.
അമ്പായത്തോട്-പാൽചുരം റോഡ് പണി പൂർണമായിട്ടില്ലെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ചൂണ്ടിക്കാട്ടി. നിർദിഷ്ട റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതായും അവശേഷിച്ച പ്രവൃത്തികൾ മഴക്കുശേഷമാണ് ചെയ്യുകയെന്നും കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ പി. സജിത്ത് മറുപടി നൽകി. കൊട്ടിയൂർ ഉത്സവകാലത്ത് തീർഥാടകർ ഏറെയെത്തുന്ന റോഡിലെ കാടുവെട്ടൽ നടത്താത്തത് ചൂണ്ടിക്കാട്ടിയ റോയ് നമ്പുടാകം നാളെത്തന്നെ അത് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ. ശ്രീധരൻ, പി.സി. രാമകൃഷ്ണൻ, കെ.പി. അനിൽകുമാർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.