താലൂക്ക് വികസന സമിതി; മാക്കൂട്ടത്തെ മലയാളി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം തടയണം
text_fieldsഇരിട്ടി: മാക്കൂട്ടത്ത് പുഴ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളെ കുടിയിറക്കാനും കേരളത്തിെൻറ റവന്യൂ ഭൂമി ൈകയേറാനുമുള്ള കർണാടകയുടെ നീക്കം ചെറുക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി അതിർത്തിയിൽ കർണാടക വനം വകുപ്പ് നടത്തുന്ന നീക്കത്തിെൻറ ഭാഗമാണിതെന്ന് അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. പ്രശ്നത്തിെൻറ ഗൗരവം സർക്കാറിെൻറ ശ്രദ്ധയിൽകൊണ്ടുവന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും തിങ്കളാഴ്ച അതിർത്തിയിൽ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു.
തലശ്ശേരി-വളവുപാറ അന്തർസംസ്ഥാന പാതയുടെ വികസനത്തിനായി ഇരിട്ടി പാലത്തിന് സമീപത്തെ കുന്ന് ചെത്തിയിറക്കി വീതികൂട്ടിയതുമൂലം ഉണ്ടായ മണ്ണിടിച്ചിൽ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രജനി ആവശ്യപ്പെട്ടു. ലോകബാങ്ക് സഹായത്തോടെ നടക്കുന്ന നവീകരണ പ്രവൃത്തിയായതിനാൽ വിദഗ്ധ സംഘത്തിെൻറ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആവുകയുള്ളൂവെന്ന് കെ.എസ്.ടി.പി അസി. എൻജിനീയർ കെ.വി. സതീശൻ യോഗത്തെ അറിയിച്ചു.
വന്യമൃഗശല്യം നേരിടുന്നതിൽ നടപടിയുണ്ടാകണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ആവശ്യപ്പെട്ടു. ബാരാപോൾ പദ്ധതിയോടുചേർന്ന് നടപ്പാക്കുന്ന സൗരോർജ പദ്ധതി കാടുകയറിക്കിടക്കുകയാണെന്നും കാടുവെട്ടിത്തെളിച്ച് പ്രവർത്തനക്ഷമമാക്കാൻ നടപടിയുണ്ടാകണമെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ആവശ്യപ്പെട്ടു. തലശ്ശേരി -വളവുപാറ അന്തർസംസ്ഥാന പാതയിൽ 19ാം മൈൽ മുതൽ ഇരിട്ടി ടൗൺ വരെ കരാർ വ്യവസ്ഥയിൽ പറഞ്ഞ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്നും ഓവുചാലുകൾക്ക് മുകളിൽ ഉടൻ സ്ലാബുകൾ സ്ഥാപിക്കണമെന്നും ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ആവശ്യപ്പെട്ടു.
കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ ഭൂമിയിലെ വിള്ളലുകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ഇതുമൂലം പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കണമെന്നും കോൺഗ്രസ് അംഗം പി.സി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.
അധ്യക്ഷന്മാരിൽ പകുതിയോളം പേരുമെത്തിയില്ല; യോഗം പ്രഹസനമാക്കരുതെന്ന് ആവശ്യം
കോവിഡിനെത്തുടർന്ന് ഒന്നരവർഷത്തിനുശേഷം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും എം.എൽ.എമാരുടെയും അസാന്നിധ്യം ചർച്ചയായി. മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരിൽ പകുതിയോളം പേരും യോഗത്തിനെത്തിയില്ല.
അയ്യൻകുന്ന്, പായം, ഇരിട്ടി നഗരസഭ, തില്ലങ്കേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യക്ഷന്മാർ എത്തിയപ്പോൾ ആറളം, ഉളിക്കൽ, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽനിന്നും ജനപ്രതിനിധികൾ എത്തിയില്ല. സണ്ണി ജോസഫ് എം.എൽ.എയും മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയും യോഗത്തിനെത്തിയില്ല. വികസന സമിതി യോഗത്തിൽ ഉയരുന്ന നിർദേശങ്ങളും പരാതികളും ഫലപ്രദമായി ഉപയോഗിക്കാൻ മുമ്പ് കഴിഞ്ഞിരുന്നതായി തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകണമെന്നും എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.