തലശ്ശേരി–വളവുപാറ റോഡ് വളവ് നിവർത്തി; പഴയ റോഡ് കാടുകയറി
text_fieldsഇരിട്ടി: തലശ്ശേരി- വളവുപാറ റോഡ് വളവുകൾ നിവർത്തിയ ഇടങ്ങളിൽ പഴയ റോഡുകൾ കാടുകയറി പൊതുമരാമത്ത് സ്ഥലം ഉപയോഗ ശൂന്യമാവുന്നു. കളറോഡ് മുതൽ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ വരെയുള്ള പാത കെ.എസ്.ടി.പി പദ്ധതിയിൽ വീതി കൂട്ടി വളവുകൾ നിവർത്തിയതോടെയാണ് ആദ്യകാല വളവ് ഭാഗങ്ങളിലെ നിരത്തുകൾ കാടുമൂടിയത്. ഇവിടങ്ങളിൽ പലരും മാലിന്യം തള്ളുന്നതിനാൽ ഇരിട്ടി നഗരസഭയും പായം പഞ്ചായത്തുമാണ് ബുദ്ധിമുട്ടിലാവുന്നത്. ഇത്തരം സ്ഥലങ്ങൾ അനധികൃത കൈയേറ്റങ്ങൾക്കും ഇടയാക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം സ്ഥലങ്ങൾ പരിപാലിക്കാൻ അനുമതി നൽകിയാൽ താൽക്കാലിക സംരംഭങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ എന്നിവ നിർമിച്ച് പൊതുമരാമത്ത് സ്ഥലം പരിരക്ഷിക്കാനാവും. പായം പഞ്ചായത്ത് വള്ളിത്തോടിലും ഇരിട്ടി പാലം പരിസരത്തും സന്നദ്ധ സംഘടന സഹായത്തോടെ നിർമിച്ച ഉദ്യാനങ്ങൾ പൊതുസ്ഥല സംരക്ഷണത്തിനും റോഡ് പാർശ്വ സൗന്ദര്യവത്കരണത്തിനും മാതൃകയാണ്.
കുന്നോത്ത് ബെൻഹിൽ, കിളിയന്തറ, മൂസാൻപീടിക, കീഴൂരിനടുത്ത കാമ്യാട്, കീഴൂർകുന്നിനും പുന്നാടിനും ഇടയിലുള്ള ഇറക്കം തുടങ്ങി വളവുപാറ റോഡ് പാർശ്വങ്ങളിൽ പന്ത്രണ്ടിടങ്ങളിൽ പഴയ നിരത്ത് പ്രദേശങ്ങൾ കാടുമൂടുകയാണ്. പത്തും ഇരുപതും സെന്റ് സ്ഥലം വരെ പലയിടങ്ങളിലെയും ആദ്യകാല റോഡ് ഭാഗങ്ങൾ പ്രധാന പാതയിൽ നിന്നകന്ന് കാടുകയറി അതിരുകൾ പോലുമില്ലാത്ത അവസ്ഥയിലായി.
പൊതുമരാമത്ത് സ്ഥലം ആകെ അളന്ന് തിട്ടപ്പെടുത്തി അതിരിട്ട് അതതിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് താൽക്കാലിക വ്യവസ്ഥയിൽ കൈമാറിയാൽ പൊതു സ്ഥല പരിപാലനം ഉറപ്പാക്കാനാവും.
ഉദ്യാനം, താൽക്കാലിക കളിസ്ഥലം, ഓപ്പൺ ജിം എന്നിവയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുവഴി സാധിക്കും. മിനി എം.സി.എഫ്, ബോട്ടിൽ ബൂത്ത് എന്നിവ സ്ഥാപിക്കാനും ഇടമാവും. വികസിപ്പിച്ച പ്രധാന പാതയിൽ നിന്ന് ഏറെ ദൂരത്തിലുള്ള പഴയ നിരത്ത് സ്ഥലങ്ങൾ നിലവിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം കാടുമൂടുന്ന അവസ്ഥയിലാണ്.
കാടുമൂടി നശിച്ചു പോവുന്ന ഇത്തരം ഇടങ്ങളിൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാൻ അധികൃതർ ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.