അതിർത്തി ചെക്ക്പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു
text_fieldsഇരിട്ടി: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റിന് സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടികൾ ഊർജിതമാക്കി. സംസ്ഥാന അതിർത്തിയിൽനിന്ന് ഏറെ മാറി ഇരിട്ടിക്കടുത്ത് മാടത്തിൽ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റിന് അതിർത്തിയിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് നടത്തിയത്. അതിർത്തിയിൽ സ്ഥലം ലഭ്യമായില്ലെങ്കിൽ ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാന പാതക്കരികിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. വനം വകുപ്പ് ചീഫ് കൺസർവേറ്റർ കെ. ദീപ, ഡി.എഫ്.ഒ പി. കാർത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ പരിശോധന നടത്തിയത്. കൂട്ടുപുഴയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലവും മറ്റും സംഘം പരിശോധിച്ചു. കിളിയന്തറയിൽ എക്സൈസ്, വാണിജ്യ നികുതി ചെക്ക് പോസ്റ്റുകൾ ഒഴിഞ്ഞ സ്ഥലവും സംഘത്തിന്റെ പരിഗണനയിലുണ്ട്. മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് കെട്ടിടം പണിയാനാണ് ശ്രമം.
ഇപ്പോൾ മാടത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ് ചോർച്ചയും സ്ഥല പരിമിതിയും കാരണം പ്രതിസന്ധി നേരിടുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഇരിട്ടി പാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് പാലം നിർമാണത്തിന്റെ ഭാഗമായി മാടത്തിയിലേക്ക് മാറ്റുകയായിരുന്നു. ഏറെക്കാലം മാടത്തിൽ പ്രവർത്തിച്ച ശേഷം കൂട്ടുപുഴ അതിർത്തിയിലെ വാടകക്കെട്ടിടത്തിലേക്കും മാറി. കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി കൂട്ടുപുഴയിൽ പുതിയപാലം നിർമിച്ചതോടെ അവിടെനിന്ന് വീണ്ടും മാടത്തിൽ നേരത്തേ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നിർബന്ധിതമായി.
എക്സൈസിന്റെയും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ചെക്ക് പോസ്റ്റുകൾ അതിർത്തിയിലേക്ക് മാറ്റിയതോടെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റും കൂട്ടുപുഴയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് ഉടമ ശക്തമായി ആവശ്യപ്പെട്ടതോടെയാണ് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയത്.
ആറളം, കൊട്ടിയൂർ വനമേഖലയും കർണാടകയിലെ ബ്രഹ്മഗിരി വന മേഖലയും ഉൾപ്പെടുന്ന പ്രദേശം എന്ന നിലയിൽ വനം വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റിന് ഏറെ പ്രധാന്യമുണ്ട്. 40 വർഷമായി പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റിന് സ്വന്തമായി സൗകര്യം ഒരുക്കാനുള്ള നടപടികൾ ഉണ്ടായിരുന്നില്ല. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത്, ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ചെക്ക് പോസ്റ്റ് ഫോറസ്റ്റർ കെ. ആനന്ദ്, എൻ.സി.പി ജില്ല സെക്രട്ടറി അജയൻ പായം എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.