പ്രളയത്തിൽ തകർന്ന പാലം പുനർനിർമിച്ചില്ല; ദുരിതം പേറി നാട്ടുകാർ
text_fieldsഇരിട്ടി: 2021ലെ പ്രളയത്തിൽ തകർന്ന അയ്യൻകുന്ന് പഞ്ചായത്തിലെ കുണ്ടൂർ പുഴക്ക് കുറുകയുള്ള ജീപ്പ് പാലത്തിന് പകരം പുതിയപാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മൂന്നു വർഷം തികഞ്ഞിട്ടും യഥാർഥ്യമായില്ല. അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് വാഴയിൽ പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാകുന്ന പാലമാണ് കുണ്ടൂർ പുഴക്ക് കുറുകെ സെന്റ് ജൂഡിനും വാഴയ്ക്കും ഇടയിലുണ്ടായിരുന്ന കുഞ്ഞിപ്പാലം.
ജീപ്പ് ഉൾപ്പെടെ കടന്ന് പോകാൻ സാധിക്കുന്ന പാലം 2021ലുണ്ടായ പ്രളയത്തിലാണ് തകർന്നത്. തുടർന്ന് നാട്ടുകാർ ഉൾപ്പെടെ തുക സമാഹരിച്ച് താൽക്കാലികമായി നടപ്പാലം നിർമിച്ചു. എന്നാൽ, ഇവിടെ പുതിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന്റെ ഭാഗമായി നിരവധി തവണ സർക്കാരിൽ ബന്ധപ്പെട്ടവർ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തി. എന്നാൽ, എസ്റ്റിമേറ്റ് എടുത്ത് പോയതല്ലാതെ തുടർ പ്രവൃത്തികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ചരിത്ര പ്രസിദ്ധമായ മുണ്ടയാംപറമ്പ് ക്ഷേത്രത്തിലേക്കും സെന്റ് ജ്യൂഡ് പള്ളിയിലേക്കും വിവിധ മേഖലകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിലേക്കും ജോലിക്കുൾപ്പെടെ എളുപ്പത്തിൽ പോകാൻ സാധിക്കുന്ന ഒരു പാലമായിരുന്നു പ്രളയത്തിൽ തകർന്ന കുഞ്ഞിപ്പാലം. ഇനിയെങ്കിലും ബന്ധപ്പെട്ടവർ പാലത്തിന്റെ നിർമാണ പ്രവൃത്തി വേഗത്തിൽ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.