ഡിജിറ്റൽ റീസർവേയിലെ അപാകത: പ്രശ്നപരിഹാരമാകുന്നു
text_fieldsഇരിട്ടി: ആറളം വില്ലേജിൽ ജനവാസ മേഖലയെ പുഴ പുറമ്പോക്ക് ഭൂമിയായി കണക്കാക്കിയുള്ള ഡിജിറ്റൽ റീ സർവേ റിപ്പോർട്ടിലെ അപാകത പരിക്കുന്നതിന് നടപടിയാകുന്നു. കൈവശക്കാരുടെ ഭൂമിയുടെ ആധികാരികത പരിശോധിക്കാൻ പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവായി.
ഡിജിറ്റൽ സർവേക്കു ശേഷം കീഴ്പ്പള്ളി, കക്കുവ, വട്ടപ്പറമ്പ് ഭാഗങ്ങളിൽ ജനവാസ മേഖല പുഴ പുറമ്പോക്കായി കണക്കാക്കിയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിരവധി കൃഷിക്കാരുടെ കൃഷി ഭൂമിയും വീടുമുള്ള പ്രദേശമാണിത്. അര നൂറ്റാണ്ടിൽ അധികമായി കർഷകർ നികുതി അടക്കുകയും പട്ടയും അടക്കം നേടിയ ഭൂമിയാണ് പുറമ്പോക്കായി കണക്കാക്കിയിരിക്കുന്നത്. ആരാധനാലയങ്ങൾ ഉൾപ്പെടെ നിരവധി വീടുകളും ഇതോടെ പുറമ്പോക്കിലായി.
1933ലെ സർവേ അടിസ്ഥാന രേഖയാക്കിയാണ് റീസർവേ നടത്തിയത്. അതുപ്രകാരമാണ് വർഷങ്ങളായി കൈവശം വെക്കുന്ന ഭൂമി പുഴപുറമ്പോക്കായി കണക്കാക്കുന്നത്. പുറമ്പോക്ക് ഭൂമിയാകുന്നതോടെ ക്രയവിക്രയം ഉൾപ്പെടെ പ്രതിസന്ധിയിലുമായി. എടൂരിൽ വെമ്പുഴയിൽ പൊതുമരാമത്ത് റോഡും സെമിത്തേരിയും ഉൾപ്പെടുന്ന പ്രദേശം പോലും പുഴ പുറമ്പോക്കായാണ് കണക്കാക്കിയിരിക്കുന്നത്.
പ്രശ്നത്തിൽ ഇടപെടണമെന്ന് കാണിച്ച് സണ്ണി ജോസഫ് എം.എൽ.എയും എടൂർ വെമ്പുഴച്ചാൽ കർമസമിതി അംഗങ്ങളും നടത്തിയ ശ്രമത്തിലൂടെ റവന്യൂ മന്ത്രി പ്രത്യേക യോഗം വിളിക്കുകയും ലാൻഡ് റവന്യു കമീഷണർ സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. 1970ൽ നടന്ന പ്രൊവിഷനൽ സർവേ തെറ്റായതിനാൽ വീണ്ടും സർവേ നടത്താൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.