യുവതിയെ വെട്ടിനുറുക്കി ഉപേക്ഷിച്ച സംഭവം; ചുരം യാത്ര പേടി സ്വപ്നമാകുന്നു
text_fieldsഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവം ചുരം യാത്ര ഭീതിജനകമാക്കുന്നു. കേരള അതിർത്തിയിലെ കൂട്ടുപുഴ പാലം കടന്നാൽ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള 18 കിലോമീറ്റർ ദൂരമാണ് മാക്കൂട്ടം ചുരം പാത.
പ്രകൃതി രമണീയമായ സ്ഥലമാണ് ഇതെങ്കിലും കൊടും വളവുകളും കയറ്റവുമുള്ള ഈ റോഡിലൂടെയുള്ള വാഹന യാത്ര ഏറെ ദുഷ്കരമാണ്. എന്നാൽ, ഇതോടൊപ്പം കഴിഞ്ഞദിവസം പെരുമ്പാടിക്കടുത്ത് ചുരം പാതയിലെ ഓട്ടക്കൊല്ലിയിൽ റോഡരികിലെ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഇതുവഴിയുള്ള യാത്ര ഭീതിജനകമായി മാറിയിരിക്കുകയാണ്.
മുമ്പും ഇതുവഴിയുള്ള യാത്രക്കാരെയും ലോറി ഡ്രൈവർമാരെയും കൊള്ളസംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മറ്റും ഉണ്ടായെങ്കിലും ഇത്തരമൊരു സംഭവം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഉച്ചസമയത്തും കോടമഞ്ഞും തണുപ്പും നുകർന്നുള്ള യാത്ര ഇഷ്ടപ്പെടുന്ന ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന പാത കൂടിയാണ് ഇത്. നിരവധി വാഹനങ്ങൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കടന്നുപോകുന്ന പാതയിൽ മൃതദേഹം കണ്ടെത്തിയത് പൊലീസിനും തലവേദനയാണ് സൃഷ്ടിക്കുന്നത്.
20നും 30നും ഇടയിൽ പ്രായമുള്ള യുവതിയെ കൊലപ്പെടുത്തി ട്രോളി ബാഗിനുള്ളിൽ നിറച്ച് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. റോഡിൽ നിന്നും താഴ്ചയിലേക്ക് ട്രോളി ബാഗ് നിക്ഷേപിക്കുന്നതിനിടയിൽ മരത്തിൽ തങ്ങിയാണ് റോഡരികിൽ തന്നെ ബാഗ് നിന്നത്.
ഇതാണ് വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടാനും പൊലീസിന്റെ അന്വേഷണത്തിനും വഴിവെച്ചത്. മാക്കൂട്ടം വനത്തിലൂടെ യാത്ര ചെയ്യുമ്പോഴുള്ള പ്രധാന ബുദ്ധിമുട്ട് മൊബൈൽ ഫോണിന് നെറ്റ്വർക്ക് ഇല്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവിടെ വാഹനങ്ങൾ അപകടത്തിൽപെട്ടാലും കേടുപാടുകൾ സംഭവിച്ചാലും പുറംലോകം അറിയാൻ മണിക്കൂറുകൾ വൈകും.
അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തണമെങ്കിൽ കിലോമീറ്റർ അകലെയുള്ള ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയും ആംബുലൻസും എത്തണം. ഒരുപക്ഷേ ഇതായിരിക്കണം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് മാക്കൂട്ടം വനം സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.