കനത്തമഴയിൽ ഇരിട്ടി കുന്ന് ഇടിയുന്നു
text_fieldsഇരിട്ടി: കെ.എസ്.ടി.പി തലശ്ശേരി വളവുപാറ റോഡിനോട് അനുബന്ധിച്ച് ഇരിട്ടി പുതിയ പാലം നിർമിക്കുന്നതിന് ഇരിട്ടി കുന്ന് ചെങ്കുത്തായി ഇടിച്ചിറക്കിയത് അപകട ഭീക്ഷണി ആവുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കുന്നിന്റെ പല ഭാഗങ്ങളും അൽപാൽപം ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് കനത്ത മഴയിൽ റോഡിലൂടെ ഒഴുകി പുഴയിൽ ചേരുന്നതുകൊണ്ട് ആരുടെയും ശ്രദ്ധയിൽ പെടാതെ പോകുകയാണ്.
വർഷങ്ങളായി പുല്ലോ മറ്റ് ചെടികളോ വേരുപിടിക്കാതെ മീറ്ററുകളോളം ഉയരത്തിൽ അപകടാവസ്ഥയിൽ നിൽക്കുകയാണ് കുന്ന്. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു മുൻകരുതൽ നടപടികളും സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുകയാണ്. ദിവസംതോറും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അന്തർ സംസ്ഥാന പാതയിൽ ആണ് അപകടം പതിയിരിക്കുന്നത്.
മണ്ണ് ഇടിഞ്ഞു വീണ് അപകടം സംഭവിക്കാതിരിക്കാൻ കയർ ഭൂവസ്ത്രം പോലുള്ള സംവിധാനങ്ങൾ പരീക്ഷിക്കണമെന്നാണ് അഭിപ്രായമുയരുന്നത്. നിലവിൽ പല പഞ്ചായത്തുകളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ചെറിയ തോടുകളും വഴികളും കയർ ഭൂവസ്ത്രം പുതപ്പിച്ചു വിജയകരമായി സംരക്ഷിക്കുന്നുണ്ട്.
കെ.എസ്.ടി.പി ഇപ്പോൾ നിർമിക്കുന്ന എടൂർ -പാലത്തിൻകടവ് റോഡിലെ മൺ ഭിത്തികൾ സംരക്ഷിക്കാനും കയർ ഭൂവസ്ത്രം വിരിക്കുന്നുണ്ട്.
ഇത്തരം സംവിധാനങ്ങൾ ഉണ്ടായിരിക്കെയാണ് വർഷങ്ങളായി ഒരു കുന്ന് ഓരോ മഴക്കാലത്തും യാത്രക്കാർക്ക് അപകട ഭീക്ഷണി ആവുന്നത്. തിരക്കേറിയ പാതയിൽ പതിയിരിക്കുന്ന ഇത്തരം അപകടങ്ങൾ വൻദുരന്തത്തിലേക്ക് വഴിമാറും മുമ്പ് ബന്ധപ്പെട്ട അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.