പള്ളിയിലെ മൂന്ന് നേർച്ചപ്പെട്ടികളിലെ പണം കവർന്നു
text_fieldsഇരിട്ടി: ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന് രണ്ടാഴ്ച തികയും മുമ്പേ വീണ്ടും കവർച്ച. നഗരത്തിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടികളാണ് കവർന്നത്. പള്ളിയുടെ ആൾത്താരയുടെ പൂട്ട് തകർത്ത് അകത്തുകയറിയ കള്ളൻ അകത്തുണ്ടായിരുന്ന മൂന്ന് നേർച്ചപ്പെട്ടികളും കവർന്നു. 25,000 രൂപയോളം കവർന്നതായി പള്ളി അധികൃതർ പറഞ്ഞു.
തലയിൽ മുണ്ടിട്ട് മോഷണം നടത്തുന്ന മോഷ്ടാവിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9ന് ശേഷമാണ് മോഷ്ടാവ് പള്ളിയിലെത്തുന്നത്. ഒന്നരമണിക്കൂറിലേറെ കള്ളൻ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. പള്ളി ആൾത്താരയുടെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ രണ്ട് ഇരുമ്പ് നേർച്ചപ്പെട്ടികളും ഒരു മരം കൊണ്ട് നിർമിച്ച നേർച്ചപ്പെട്ടിയും കവർന്നു. നേർച്ചപ്പെട്ടികൾ പുറത്തെടുത്തെത്തിച്ച് ഇതിലെ പണം കവർന്നശേഷം തിരികെ വെക്കുകയായിരുന്നു. ഈ സമയത്ത് ഫാ. വിനു ക്ലീറ്റസ് മാത്രമാണ് പള്ളിയിലുണ്ടായിരുന്നത്. ഇദ്ദേഹം നല്ല ഉറക്കമായതിനാൽ അറിഞ്ഞില്ല.
ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾക്ക് തുണയായത് ഇരിട്ടി നഗരത്തിലെ കൂരിരുട്ടാണ്. നഗരത്തിലെ കടകളിലെ വെളിച്ചം അണയുന്നതോടെ നഗരം മുഴുവൻ ഇരുട്ടിലാകും.
കഴിഞ്ഞ 17ന് രാത്രി ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിലെ പരാഗ് ഫാഷൻ സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. ഇവിടെനിന്ന് രണ്ടര ലക്ഷത്തോളം രൂപയാണ് മോഷണം പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.