പഴയ പാലം അടച്ചു; ഇരിട്ടി ടൗൺ ഗതാഗതക്കുരുക്കിൽ
text_fieldsഇരിട്ടി: പഴയ പാലം വഴി ഗതാഗതം നിരോധിച്ചതിനാൽ ഇരിട്ടി പുതിയ പാലവും ടൗണും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. കഴിഞ്ഞദിവസം കണ്ടെയ്നർ ലോറിയിടിച്ച് പഴയ പാലത്തിന്റെ ഉരുക്ക് മേലാപ്പ് ഘടകം തകർന്ന് തൂങ്ങിയതോടെയാണ് പാലം അടച്ചത്.
അപകടമുണ്ടാക്കിയ ലോറി പാലത്തിന്റെ പ്രവേശന കവാടത്തിൽ പിടിച്ചുവെച്ച നിലയിലാണ്. പഴയ പാലം വഴി മേലാപ്പിൽ തട്ടാതെ പോകാൻ പറ്റാത്തത്ര ഉയരവും ഭാരവുമുള്ള ലോറിയാണിത്. അപകടം സംഭവിച്ച പഴയ പാലത്തിന്റെ തകർന്ന മേലാപ്പ് പൂർവസ്ഥിതിയിലാക്കാതെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാവില്ല.
ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് ഇരിട്ടിയിൽ നിന്നുള്ള വണ്ടികൾ പഴയ പാലം വഴിയാണ് വൺവേ സംവിധാനത്തിൽ പോയിരുന്നത്. പാലം അടച്ചതിനാൽ എല്ലാ വാഹനങ്ങളും പുതിയ പാലം വഴിയായി. ഇതോടെ പുതിയ പാലത്തിൽ വാഹനത്തിരക്ക് അനിയന്ത്രിതമായി.
പുതിയ പാലം പ്രവേശന ഭാഗത്തെ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഇതുകാരണം എല്ലാ ഭാഗത്ത് നിന്നുമുള്ള വണ്ടികൾ ഒരേസമയം പാലത്തിലേക്ക് കടക്കാനുള്ള പാച്ചിലിനിടെ അപകടസാധ്യതയും വർധിച്ചു. പാലത്തിലെ തിരക്ക് നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാക്കണം.
സിഗ്നൽ പുനഃസ്ഥാപിക്കും വരെ ഗതാഗത നിയന്ത്രണത്തിന് പൊലീസ് വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. 90 വർഷം പഴക്കമുള്ളതാണ് ഇരിട്ടിയിലെ പഴയ ബ്രിട്ടീഷ് നിർമിത പാലം. പുതിയ പാലം തുറന്ന ഘട്ടത്തിൽ പഴയ പാലം പൈതൃക സ്മാരകമെന്ന നിലയിൽ പൊതുമരാമത്ത് ഫണ്ടിൽ അറ്റകുറ്റപ്പണി നടത്തിയതാണ്.
തകർന്ന മേലാപ്പ് നന്നാക്കാൻ വെൽഡിങ് അടക്കം വേണ്ടി വരും. നന്നാക്കാൻ വൈകുന്തോറും പുതിയ പാലം വഴിയുള്ള ഗതാഗതം ദുഷ്കരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.