അയൽവീട്ടിലെ തർക്കത്തിൽ ഇടപെട്ടതിന് ചായക്കട അടിച്ചുതകർത്തു
text_fieldsഇരിട്ടി: അയൽവീട്ടിൽ നടന്ന തർക്കത്തിൽ യുവതി ഇടപെട്ടതിനെത്തുടർന്ന് ഇവരുടെ ഭർത്താവിെൻറ ചായക്കട അയൽവാസി അടിച്ചുതകർത്തു. കൈകൊണ്ട് ചില്ലുകൾ തകർക്കുന്നതിനിടെ സാരമായി മുറിവേറ്റ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി വള്ളിയാട് സ്വദേശിയും ഇൻറീരിയർ ഡിസൈൻ തൊഴിലാളിയുമായ ഹരീഷിനെയാണ് (42) സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇരിട്ടി നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശെൻറ ഉടമസ്ഥതയിലുള്ള ചായക്കടയാണ് ഇയാൾ കൈകൊണ്ടും കടയിലുണ്ടായിരുന്ന സ്റ്റൂൾ ഉപയോഗിച്ചും തകർത്തത്. വെള്ളിയാഴ്ച വൈകീട്ട് 6.30ഒാടെയായിരുന്നു സംഭവം. ഹരീഷിെൻറ അയൽവാസിയായ അരുൺകുമാറാണ് കുറച്ചു മാസങ്ങളായി ദേവദാസ് നമ്പീശെൻറ കട വാടകക്കെടുത്ത് ചായക്കട നടത്തിവന്നിരുന്നത്. ഹരീഷ് ഭാര്യയുമായി വീട്ടിൽ വഴക്കടിക്കുന്ന സ്വഭാവമുള്ളയാളാണേത്ര. വെള്ളിയാഴ്ച വൈകീട്ടും വീട്ടിൽ ഭാര്യയുമായി കലഹവും തെറിവിളിയും നടക്കുന്നതിനിടെ അരുൺകുമാറിെൻറ ഭാര്യ അയൽവക്കക്കാർക്ക് ശല്യമുണ്ടാക്കാതെ ഒച്ചകുറച്ചു സംസാരിക്കണമെന്ന് വിളിച്ചുപറഞ്ഞതാണ് ഹരീഷിനെ ചൊടിപ്പിച്ചത്.
തുടർന്ന് കാറുമായി നേരെ അരുൺകുമാറിെൻറ ചായക്കടയിലെത്തി കൈകൊണ്ട് അലമാരയുടെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. അരിശം തീരാതെ കടയിലുണ്ടായിരുന്ന ഫൈബർ സ്റ്റൂൾ ഉപയോഗിച്ച് മറ്റു ഉപകരണങ്ങളും അടിച്ചു തകർത്തു. ഇതിനിടയിൽ സാരമായി മുറിവേറ്റ് രക്തം വാർന്ന ൈകയുമായി ഹരീഷ് കാറുമായി ഇരിട്ടി മേലേ സ്റ്റാൻഡിൽ എത്തുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.
ഇരിട്ടി പൊലീസ് സ്ഥലത്തെത്തി ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൈ ഞരമ്പുകൾ പാടേ മുറിഞ്ഞ് രക്തംവാർന്ന് അവശനിലയിലായ ഇയാളെ പിന്നീട് കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി. കടയുടമയുടെ പരാതിയിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഹരീഷ് സ്വന്തം ഭാര്യാ സഹോദരെൻറ വീടും മുമ്പ് അടിച്ചു തകർത്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.