മാക്കൂട്ടം പാതയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി
text_fieldsഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി. കുടക് ബ്രഹ്മഗിരി സങ്കേതം വനപാലകരും ബെട്ടോളി പഞ്ചായത്ത് അധികൃതരും ചേർന്നാണ് കേരള രജിസ്ട്രേഷനിലുള്ള വാഹനം മാലിന്യമടക്കം പിടികൂടിയത്. ഇവരിൽ നിന്നും പിഴയായി എട്ടായിരം രൂപ ഈടാക്കുകയും ചെയ്തു.
മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്ര, കേരള രജിസ്ട്രേഷനിലുള്ള ലോറികൾ വനപാലകർ പിടികൂടിയിരുന്നു. ഇതിൽ ആന്ധ്ര രജിസ്ട്രേഷൻ ലോറി കസ്റ്റഡിയിലെടുക്കുകയും അതിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.
കേരള രജിസ്ട്രേഷൻ വാഹന അധികൃതരിൽ നിന്നും പതിനായിരം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച വീണ്ടും മാലിന്യം തള്ളുന്നതിനിടെ കേരള രജിസ്ട്രേഷൻ വാഹനം പിടികൂടി പിഴ ഈടാക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിലേക്ക് ലോഡെടുക്കാനും കേരളത്തിൽ ലോഡിറക്കി കർണാടകയിലേക്കും പോകുന്ന ഒഴിഞ്ഞ വാഹനങ്ങളിലാണ് പ്ലാസ്റ്റിക്കുകൾ അടക്കമുള്ള വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ചെറിയ തുക നൽകി വനമേഖലയിൽ തള്ളാനായി കയറ്റിവിടുന്നത്.
ഇത്തരം മാലിന്യം തള്ളലിനെതിരെ പരാതി ഉയരുകയും കർണാടകയിൽ മാധ്യമങ്ങളിൽ വലിയ വർത്തയാവുകയും ചെയ്തതോടെയാണ് മാക്കൂട്ടം വനമേഖല ഉൾക്കൊള്ളുന്ന ബെട്ടോളി പഞ്ചായത്ത് അധികൃതരും കുടക് ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും കർശനമായ പരിശോധന നടത്താനും ഇത്തരം വാഹനങ്ങളെ കണ്ടെത്തി നടപടിയെടുക്കാനും മുന്നോട്ടുവന്നത്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ മേഖലയിൽ ഉണ്ടാകുമെന്ന് ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.