ഇരിട്ടി മേഖലയിലെ മോഷണം: രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളിൽ കടകൾ, വീട്, ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയിലടക്കം കവർച്ചയും ബൈക്ക് മോഷണവും പതിവാക്കിയ മലയാളികളായ രണ്ട് മോഷ്ടാക്കൾ വീരാജ്പേട്ടയിൽ അറസ്റ്റിൽ. ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി.എ. സലീം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു എന്ന സഞ്ജയ് കുമാർ (30) എന്നിവരെയാണ് വീരാജ്പേട്ട പൊലീസും ഇരിട്ടി പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 20 വർഷമായി കേരളത്തിലും കുടക്, മൈസൂർ ജില്ലകളിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തയാളാണ് സലീം. കഴിഞ്ഞ ജൂലൈയിൽ വീരാജ്പേട്ടയിലെ നയാര പെട്രോൾ പമ്പിൽ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണങ്ങളിൽ ഇയാൾ പ്രതിയായതെന്ന് വീരാജ്പേട്ട പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം 10ന് മാടത്തിൽ പൂവ്വത്തിൻ കീഴിൽ ഭഗവതി ക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ ഒരു മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരായിരുന്നു. തുടർന്ന് 21ന് ഇരിട്ടി ടൗണിലെ രണ്ട് മൊബൈൽ ഷോപ്പുകളുടെ പൂട്ട് തകർത്ത് അകത്തുകടന്ന ഇവർ മൊബൈലുകളും പണവും കവർന്നശേഷം ഇരിട്ടി സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞു. കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസുകളും മൈസൂർ സിറ്റി സ്റ്റേഷനിൽ 2 കേസും കണ്ണൂർ ജില്ലയിൽ നാല് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും 9050 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സഞ്ജയ് കുമാറിനെ ജയിലിൽ വെച്ചാണ് സലീം പരിചയപ്പെടുന്നത്. 2011ൽ മോഷണക്കേസിൽ മടിക്കേരി ജയിലിൽ കഴിയുമ്പോഴായിരുന്നു ഇവർ തമ്മിൽ പരിചയപ്പെട്ടത്.
കഴിഞ്ഞ മാസം ഇരിട്ടിയിലെ മൊബൈൽഷോപ്പുകളിൽ കവർച്ച നടത്തിയശേഷം ബൈക്കും കവർന്ന് കടന്നുകളഞ്ഞ മോഷ്ടാക്കളെക്കുറിച്ച് ഇരിട്ടി പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. നിരീക്ഷണ കാമറ പരിശോധിച്ചതിൽനിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള പൊലീസ് കർണാടകയിൽ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടയാണ് ഇരുവരും പിടിയിലായത്. അന്വേഷണ സംഘത്തിൽ ഇരിട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീൺ, ആറളം പൊലീസ് സ്റ്റേഷനിലെ ജയദേവൻ എന്നിവരുമാണുള്ളത്. നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ഇരിട്ടിയിൽ എത്തിക്കും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.