പണമില്ലെന്ന്; 10 റോഡുകളുടെ നവീകരണ ശിപാർശ ചീഫ് എൻജിനീയർ തള്ളി
text_fieldsഇരിട്ടി: താലൂക്ക് ആസ്ഥാനത്തേക്കെത്തുന്ന ഇരിട്ടി - പേരാവൂർ - നിടുംപൊയിൽ, മാടത്തിൽ - കീഴ്പ്പള്ളി - ആറളം ഫാം - പാലപ്പുഴ കാക്കയങ്ങാട്, ഇരിട്ടി - ഉളിക്കൽ - മാട്ടറ - കാലാങ്കി എന്നീ പ്രധാന പാതകൾ ഉൾപ്പെടെ 10 റോഡുകളുടെ നവീകരണം സംബന്ധിച്ച ശിപാർശ ചീഫ് എൻജിനീയർ മടക്കി. പണം ഇല്ലെന്നു കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇതേത്തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വീണ്ടും കാണുമെന്ന് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. നേരത്തെ മന്ത്രിക്ക് എം.എൽ.എ നിവേദനം നൽകിയതിനെ തുടർന്നു പരിശോധന നടത്താൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പണം ഇല്ലെന്ന കാരണത്തോടെ ഫയൽ മടക്കിയത്.
എം.എൽ.എ വിളിച്ച പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇരിട്ടി - പേരാവൂർ - നിടുംപൊയിൽ റോഡിന് 20 കോടി രൂപയാണ് നവീകരണത്തിനു ആവശ്യപ്പെട്ടത്. മാടത്തിൽ കീഴ്പ്പള്ളി റോഡ് അറ്റകുറ്റപ്പണിക്ക് 4.85 കോടി രൂപക്ക് സമർപ്പിച്ച ശിപാർശയും പരിഗണിച്ചില്ല.
10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡുകൾ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതിന്റെ അടിയന്തര സാഹചര്യം മന്ത്രിയെ വീണ്ടും നേരിൽ കണ്ടു ബോധ്യപ്പെടുത്തുമെന്ന് എം.എൽ.എ വ്യക്തമാക്കി.
നീണ്ടുനോക്കി പാലം കോൺക്രീറ്റ് കഴിഞ്ഞതായും കേളകം - അടക്കാത്തോട് റോഡ് പണി പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ആറളം ഫാമിൽ ആനമതിൽ പണി ഊർജിതമാണ്. ആറളം - വീർപ്പാട്, ഇടവേലി - അത്തിക്കൽ, വാളത്തോട് - 110 കോളനി, കേളകം അടക്കാത്തോട് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു.
കീഴ്പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിന്റെ 11.4 കോടി രൂപയുടെ പുതിയ കെട്ടിടം പണി ആരംഭിച്ചു. അടക്കാത്തോട് - ശാന്തിഗിരി, കുന്നോത്ത് കേളൻപീടിക, കരിക്കോട്ടക്കരി - ഈന്തുംകരി - അങ്ങാടിക്കടവ് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഷീല ചോറൻ (റോഡ്സ്), ആശിഷ് കുമാർ (കെ.എസ്.ടി.പി), അസിസ്റ്റൻറ് എൻജിനീയർമാരായ ടി.കെ. റോജി (കെ.ആർ.എഫ്.ബി), ധന്യ, ബിനോയി (പാലങ്ങൾ വിഭാഗം) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.