ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെ ദമ്പതികൾ
text_fieldsഇരിട്ടി: പ്രളയ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടും തുടർനടപടിയില്ലാത്തതിനാൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെ കഴിയുകയാണ് കച്ചേരിക്കടവിലെ ദമ്പതികളായ ആതുപള്ളി എ.ജെ. ജോണിയും അർബുദബാധിതയായ ഭാര്യ സൂസമ്മയും. ഏഴു മാസമായി വീടിനും ഭൂമി വാങ്ങാനുമായി പണം അനുവദിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കുടുംബം പറയുന്നു. 2018ലെ പ്രളയത്തിൽ കച്ചേരിക്കടവിലെ പുഴയോരത്തുള്ള നാലു സെന്റ് ഭൂമിയിൽ കഴിയുന്ന ജോണിയുടെ വീട് അഞ്ചു ദിവസത്തോളം വെള്ളത്തിലായി. തുടർന്നുള്ള വർഷങ്ങളിലും സമാന സ്ഥിതിതന്നെയായിരുന്നു.
അപകടാവസ്ഥയിലായ വീട് ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. സമീപത്തുള്ള മറ്റ് കുടുംബങ്ങൾക്ക് വീടും സ്ഥലവും ലഭ്യമായി മാറിത്താമസിക്കാനൊരുങ്ങുമ്പോൾ ഏറ്റവും ദുരിതത്തിൽ കഴിയുന്ന ഈ കുടുംബത്തോടാണ് അധികൃതരുടെ അവഗണന. കലക്ടറേറ്റിലും സർക്കാർ ഓഫിസുകളിലും കയറിയിറങ്ങുബോൾ ഫണ്ട് പാസായില്ലെന്ന മറുപടി മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.
2021ൽ സ്ഥലം വാങ്ങാൻ 6 ലക്ഷം, വീടിന് മൂന്ന് ലക്ഷത്തി അയ്യായിരം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ചത്. രണ്ടര വർഷമായി ഭാര്യ അർബുദ രോഗിയാണ്. മറ്റ് വരുമാന മാർഗമൊന്നുമില്ലാത്ത ജോണിക്ക് ഭാര്യയുടെ ചികിത്സച്ചെലവ് പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.