ലോറിയിൽ കടത്തുകയായിരുന്ന 227 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fields
ഇരിട്ടി: നാഷനൽ പെർമിറ്റ് ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 227 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൂട്ടുപുഴ വളവുപാറയിൽവെച്ച്, ഒമ്പത് ചാക്കുകളിൽ നിറച്ച 227 കിലോ കഞ്ചാവാണ് പിടികൂടിയത്.
ലോറിയിൽ നിന്ന് പിക് അപ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിലാണ് പിടിയിലായത്. വിപണിയിൽ ഇതിന് രണ്ടേകാൽ കോടിയോളം രൂപ വിലവരും. ജീപ്പിലും ലോറിയിലും ഉണ്ടായിരുന്ന മട്ടന്നൂർ കളറോഡിലെ പുത്തൻപുര ഹൗസിൽ അബ്ദുൽ മജീദ് (44), തലശ്ശേരി പാലയാട് സ്വദേശി സജ്ന മൻസിലിൽ സി. സാജിർ (38), വെളിയമ്പ്ര പഴശ്ശി ഡാമിന് സമീപത്തെ ഷക്കീല മൻസിലിൽ എം. ഷംസീർ (23) എന്നിവരെ അറസ്റ്റുചെയ്തു. ലോറിയും ജീപ്പും കസ്റ്റഡിയിലെടുത്തു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് ലോറിയിൽ കയറ്റിയത്. കേരളത്തിൽ എത്തിച്ചശേഷം കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മൊത്തമായും ചില്ലറയായും വിൽപനക്കായി പിക് അപ് ജീപ്പിൽ കയറ്റുകയായിരുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സി.ഐ ടി. അനികുമാറിെൻറ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.
നാലുദിവസം മുമ്പ് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്ക്വാഡിലെ മൂന്നുപേർ ബംഗളൂരു മുതൽ സംഘത്തെ പിന്തുടരുകയായിരുന്നു. വിശാഖപട്ടണത്തുനിന്ന് നാഷനൽ പെർമിറ്റ് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് ബംഗളൂരുവിൽ എത്തിച്ചശേഷം മുറ്റത്ത് പാകാനുള്ള കരിങ്കല്ല്, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ ലോറിയിൽ കയറ്റി. സംഘത്തിെൻറ നീക്കങ്ങൾ നിരീക്ഷിച്ച് എക്സൈസ് സംഘവും ഒപ്പമുണ്ടായിരുന്നു. കേരള അതിർത്തി പിന്നിട്ട് വളവുപാറയിൽ എത്തിയപ്പോൾ സ്ക്വാഡ് മേധാവിയും മറ്റ് അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു.
കോഴിക്കോട് ചുങ്കത്താണ് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന കല്ലും മറ്റ് സാധനങ്ങളും കോഴിക്കോട് ലക്ഷ്യസ്ഥാനത്ത് ഇറക്കുന്നതിനുമുമ്പ് കഞ്ചാവ് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പിക് അപ് ജീപ്പ് ഉപയോഗിച്ചത്. പിടിയിലായവർ നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.