മലയോരത്തെ മൂന്ന് റോഡുകൾ തകർന്നു; യാത്രാദുരിതം പേറി നാട്ടുകാർ
text_fieldsഇരിട്ടി: ആറളം പഞ്ചായത്തിലെ എടൂർ കീഴ്പ്പള്ളി റോഡിൽനിന്നും വീർപ്പാടിലേക്ക് എത്തുന്ന മൂന്ന് റോഡുകളും തകർന്ന് യാത്രായോഗ്യമല്ലാതായി. കാരാപറമ്പ് -വീർപ്പാട്, വളയംകോട് - വീർപ്പാട്, വെളിമാനം -വീർപ്പാട് റോഡുകളാണ് തകർന്ന് യാത്ര ദുഷ്കരമായത്.
കാൽനടയാത്രക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധമായതോടെ ജനം ദുരിതത്തിലായി. കോളജ്, സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ദിനംപ്രതി യാത്ര ചെയ്യുന്ന ഈ റോഡിന്റെ നവീകരണ പ്രവൃത്തി മൂന്നുവർഷമായിട്ടും അനന്തമായി നീളുകയാണ്.
വീർപ്പാടിലേക്കുള്ള പഴക്കം ചെന്നതും ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നതുമായ റോഡാണ് കാരാപറമ്പ് -വീർപ്പാട് റോഡ്. മാടത്തിൽ - കീഴ്പ്പള്ളി റൂട്ടിൽ എടൂർ- കാരാപ്പറമ്പിൽ തുടങ്ങുന്ന നാലു കിലോമീറ്റർ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള റോഡും ഏതാണ്ട് പൂർണമായും തകർച്ചയിലാണ്. വിദ്യാർഥികളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഏറെ ദുരിതത്തിലാകുന്നത്.
നാലു കിലോമീറ്റർ ദൂരത്തിലെ ആദ്യ റീച്ചിലെ 1.700 കിലോ മീറ്റർ ദൂരം ഒന്നേകാൽ കോടി രൂപക്ക്ടാറിങ് നടത്തി നവീകരിക്കുന്ന ജില്ല പഞ്ചായത്ത് പ്രവൃത്തി കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്തെങ്കിൽ ഓവുചാലിന്റെയും കലുങ്കിന്റെയും നിർമാണം പൂർത്തിയായി വരുന്നതേയുള്ളൂ. ഉരുപ്പുംകുണ്ട് മുതൽ വീർപ്പാട് വരെ ടാറിങ് നടത്തുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.
മാടത്തിൽ-കീഴ്പ്പള്ളി റോഡിൽ വളയംകോടിൽനിന്നും ആരംഭിച്ച് വീർപ്പാട് വഴി വെളിമാനം എത്തുന്ന രണ്ട് റോഡുകളും നിർമാണ പ്രവൃത്തി എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. 3.176 കിലോമീറ്റർ വരുന്ന റോഡ് ഹൈടെക്കായി നവീകരിക്കുന്നതിനായി ഒറ്റ റീച്ചിൽ പ്രധാനമന്ത്രി സഡക്ക് യോജനയിൽ ഉൾപ്പെടുത്തി 2022 ജനുവരി മൂന്നിന് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ട് വർഷത്തിന് മുകളിലായി റോഡിൽ മെറ്റൽ മാത്രം നിരത്തി പല ഭാഗങ്ങളും യാത്രാ യോഗ്യമല്ലാതെയായി.
2.25 കോടി രൂപക്കാണ് അഞ്ചുവർഷത്തെ മെയിന്റനൻസ് അടക്കം ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ച റോഡിൽ ഇപ്പോൾ ഒന്നോ രണ്ടോ തൊഴിലാളികൾ മാത്രമാണ് ജോലിചെയ്യുന്നത്. നിർമാണ പ്രവൃത്തിയുടെ ഭാഗമായി നിരത്തിയ മെറ്റലുകൾ ഇളകി തെറിച്ചു അപകടങ്ങളും നിത്യസംഭവമാണ്.
കഴിഞ്ഞ മഴക്കാലത്ത് ടാറിങ് കുത്തിപ്പൊളിച്ച് റോഡിൽ മണ്ണ് നിക്ഷേപിച്ചതോടെ കാൽനട യാത്ര പോലും പറ്റാത്ത സ്ഥിതിയായിരുന്നു. രണ്ടുവർഷമായിട്ടും നിർമാണം പൂർത്തീകരിക്കാത്ത അവഗണനക്കെതിരെ താലൂക്ക് വികസന സമിതി യോഗങ്ങളിൽ ഉൾപ്പെടെ പരാതി വന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.