അറിഞ്ഞത് നേരാ...ഇറങ്ങിയത് കടുവ തന്നെ
text_fieldsഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉളിക്കൽ- പായം പഞ്ചായത്തിനോട് അതിരിടുന്ന കൂമന്തോടിലും ഉളിക്കൽ - പെരിങ്കരി മലയോര ഹൈവേയിലും കടുവയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൂമന്തോട് തോട്ടിൽനിന്നും കടുവയുടെ വലിയ കാൽപ്പാടുകൾ കണ്ടെത്തിയത്.
തോട്ടിലിറങ്ങിയ ഭാഗത്തും കയറിയ ഭാഗത്തും പതിഞ്ഞ കാൽപ്പാടുകൾ വനംകുപ്പ് തളിപ്പറമ്പ് റേഞ്ചർ പി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പരിശോധിച്ച് സ്ഥിരീകരിച്ചു. ഇതോടെ ഉളിക്കൽ, പായം പഞ്ചായത്തുകളിലെ എട്ടു വാർഡുകളിൽ അതി ജാഗ്രത നിർദേശം നൽകി.
തിങ്കളാഴ്ച പുലർച്ചെ 5.30ഓടെ ളളിക്കൽ -പെരിങ്കിരി മലയോര ഹൈവേ റോഡിൽ കതുവാപറമ്പിൽ റോഡ് മുറിച്ചുകടന്ന് കടുവ പോകുന്നത് കണ്ടതായി ഇറച്ചി വില്പനക്കാരനായ ബൈക്ക് യാത്രക്കാരൻ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ കൂമന്തോട് -മാടത്തിൽ റോഡിന്റെ മുകൾവശത്തുള്ള റബ്ബർ തോട്ടത്തിൽ കടുവ പിടിച്ച നിലയിൽ കുറുക്കൻമാരുടെ കരച്ചിൽ കേട്ടതും ടാപ്പിങ് തൊഴിലാളികൾ പണിനിർത്തി ഓടിയതുമെല്ലാം ആശങ്കയുണ്ടാക്കിയിരുന്നു.
നിരീക്ഷണ കാമറകൾ സ്ഥാപിക്കും
വനം വകുപ്പ് മേഖലയിൽ പത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. കാൽപ്പാടുകളിൽനിന്നും വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്ത കടുവയാണെന്നും ജനങ്ങൾ പടക്കം പൊട്ടിച്ചും മറ്റും അതിനെ പ്രകോപിപ്പിക്കരുതെന്നും നിർദേശിച്ചു.
പായം, ഉളിക്കൽ പഞ്ചായത്തുകളിലെ ഒമ്പത് വാർഡുകളിൽ രാത്രിയിലുള്ള യാത്ര പൂർണമായും ഒഴിവാക്കണം. ഉളിക്കൽ പഞ്ചായത്തിലെ അറബി, കതുവാപറമ്പ്, വയത്തൂർ, ഉളിക്കൽ ഈസ്റ്റ്, ഉളിക്കൽ വെസ്റ്റ് എന്നിവിടങ്ങളിലും പായം പഞ്ചായത്തിലെ വിളമന, ഉദയഗിരി, പെരിങ്കിരി, മാടത്തിൽ വാർഡുകളിലുള്ളവർക്കാണ് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.