കടുവപ്പേടിയിൽ ഉളിക്കൽ; പൊലീസും വനപാലകരും ജാഗ്രതയിൽ
text_fieldsഇരിട്ടി: ഉളിക്കൽ മേഖലയിൽ കടുവയെ കണ്ടെന്ന വെളിപ്പെടുത്തൽ മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി. ഉളിക്കൽ മേഖലയിലെ രണ്ടിടങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളിൽ കടുവയെ കണ്ടതായി പ്രദേശവാസികളുടെ മൊഴി ലഭിച്ചതോടെ പൊലീസും വനപാലകരും ജാഗ്രതയോടെ പ്രദേശത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കി.
കഴിഞ്ഞ ദിവസം മാട്ടറ പീടികക്കുന്ന് പുഴയരികിലാണ് രാത്രി ഏഴോടെ കടുവയെ ആദ്യം കണ്ടത്. പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ച വീണ്ടും കടുവയെ കണ്ടതായുള്ള വിവരം വരുന്നത്.
ആദ്യം കണ്ട സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ അകലെ പുറവയൽ മൂസാൻ പീടികക്ക് സമീപമാണ് കണ്ടത്. ശനിയാഴ്ചയും ഞായറാഴ്ച രാത്രിയിലുമായി ഉളിക്കൽ പൊലീസ് എസ്.എച്ച്.ഒ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശ്രീകണ്ഠപുരം ഫോറസ്റ്റ് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.പി. മുകേഷ്, ഫോറസ്റ്റർ വിജയനാഥ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരുടെ സഹായത്തോടെ കടുവയെ കണ്ടെന്നുപറയുന്ന വയത്തൂർ, മൂസാൻ പീടിക ഭാഗത്തെ റബർ തോട്ടങ്ങളിലും കശുമാവ് തോട്ടങ്ങളിലും പുലർച്ച വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
വരും ദിവസങ്ങളിലും കടുവയെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കുമെന്ന് പൊലീസും വനപാലകരും അറിയിച്ചു. ഇതേസമയം കടുവയെ കണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനം ഭീതിയിലായി. റബർ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന റബർ കർഷകർ കടുവയെ കണ്ടെന്ന വിവരമറിഞ്ഞതോടെ റബർ ടാപ്പിങ് ചെയ്യാൻ പറ്റാതെ പ്രയാസത്തിലായിരിക്കുകയാണ്. വീടുകളിൽനിന്നുമകലെ ജനവാസമില്ലാത്ത പ്രദേശത്തെ വനമേഖലയോട് ചേർന്ന റബർ കർഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.