ഇഞ്ചി കർഷകന്റെ ദുരിതത്തിന് ആശ്വാസമായി മലഞ്ചരക്ക് വ്യാപാരി
text_fieldsഇരിട്ടി: കിളച്ചുകൂട്ടിയ അഞ്ചേക്കർ സ്ഥലത്തെ ഇഞ്ചി വിപണിയിൽ വിലകുറഞ്ഞതിനെ തുടർന്ന് എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലായ മാടത്തിയിലെ കർഷകൻ ജോണിക്ക് ആശ്വാസവുമായി ഇരിട്ടിയിലെ മലഞ്ചരക്ക് വ്യാപാരി ഹംസഹാജി.
വേരും മണ്ണും കളഞ്ഞ് പറിച്ചുകൂട്ടിയ ഇഞ്ചി കൈയിലെടുത്ത് പരിശോധിച്ചശേഷം ഇപ്പോഴത്തെ വിലയിൽ ഇതിൽ നിന്നും നിങ്ങൾക്ക് പണിക്കൂലി പോലും കിട്ടിെല്ലന്നും അഞ്ച് ഏക്കർ സ്ഥലം കൃഷിയിറക്കാൻ നിങ്ങൾ കാണിച്ച ഉത്സാഹം കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെന്നും ഹംസ ഹാജി പറഞ്ഞു. ജില്ലയിൽ അടുത്ത കാലത്തൊന്നും ഇത്രയും ഏക്കർസ്ഥലം ഒന്നിച്ച് ഇഞ്ചി കൃഷി നടത്തിയ കർഷകനെ ഞാൻ കണ്ടിട്ടിെല്ലന്നും അതുകൊണ്ടു തന്നെ വിപണി വിലയേക്കാൾ ചാക്കിന് നൂറു രൂപ അധികം നൽകി ഇഞ്ചിമുഴുവൻ താൻ എടുത്തോളാം എന്നും അദ്ദേഹം പറഞ്ഞു.
വിലയിടിവു മൂലം ഇഞ്ചികർഷകർ കടക്കെണിയിലാണെന്നുള്ള പത്രവാർത്ത അറിഞ്ഞാണ് ജോണിയുടെ കൃഷിയിടത്തിൽ പറിച്ചുകൂട്ടിയ ഇഞ്ചി ശേഖരിക്കാൻ മേഖലയിലെ പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാരിയായ ഹംസ ഹാജി കൃഷിയിടത്തിൽ എത്തിയത്. കഴിഞ്ഞ വർഷം 60 കിലോ തൂക്കം വരുന്ന ഒരുചാക്ക് ഇഞ്ചിക്ക് 1600 രൂപ വരെ കിട്ടിയിരുന്നു. മികച്ച വിലയായതുകൊണ്ടാണ് ജോണി അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. മികച്ച ഉൽപാദനമാണെങ്കിലും വില മൂന്നിലൊന്നോളമായി കുറഞ്ഞു.
വേനൽ കടുത്തതോടെ ചൂട് കൂടി ഇഞ്ചി മണ്ണിനടിയിൽ നിന്നും ഉണങ്ങിനശിക്കാനും തുടങ്ങിയതോടെയാണ് ജോണി വിളവെടുപ്പ് തുടങ്ങിയത്. 700-800 രൂപയ്ക്കാണ് ഇപ്പോൾ വിൽപന നടക്കുന്നത്. വിലക്കുറവ് കാരണം വ്യാപാരികളിൽനിന്നുള്ള തണുപ്പൻ പ്രതികരണവും ജോണിയെ ആശങ്കയിലാക്കി.
നാട്ടിൻപുറങ്ങളിലെ കർഷക സംഘങ്ങൾ വഴിയും മറ്റും വിത്ത് ആവശ്യത്തിനും വീട്ടാവശ്യത്തിനുമായി വിൽക്കാമെന്ന പ്രതീക്ഷയിലായിരുന്നു. സർക്കാർ കൃഷി ഭവൻ മുഖേന കർഷകർക്ക് സൗജന്യമായി ഇഞ്ചിവിത്ത് നൽകുന്ന പദ്ധതിയിൽപ്പെടുത്തിയും വിൽക്കാൻ കഴിയുമോയെന്ന ശ്രമവും നടത്തിയിരുന്നു. കർഷകരുടെ പ്രയാസം വാർത്തയായതോടെ പലരും ബന്ധപ്പെട്ടിരുന്നതായി ജോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.