മാക്കൂട്ടം ചുരം യാത്ര നിയന്ത്രണം 19 വരെ നീട്ടി
text_fieldsഇരിട്ടി: കേരള -കർണാടക അതിർത്തിയായ മാക്കൂട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയ ഉത്തരവ് 19 വരെ നീട്ടി. ഇതോടെ നിയന്ത്രണ കാലാവധി 180 ദിവസം പിന്നിട്ടു. നേരത്തേ ഇറക്കിയ നിയന്ത്രണ ഉത്തരവിെൻറ കാലാവധി അഞ്ചിന് അവസാനിച്ചിരുന്നു.
നിലവിലുള്ള യാത്ര നിയന്ത്രണം അതേ പടി തുടരുന്നതോടൊപ്പം ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കുടക് ജില്ലയിൽ വാരന്ത്യ കർഫ്യു പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ച അഞ്ചുവരെയാണ് കർഫ്യു. ചുരം പാത വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ കോവിഡില്ല സർട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ നടപടി അതേപടി തുടരാനാണ് തീരുമാനം. ഒമിക്രോൺ രോഗികളുടെ എണ്ണം വർധിച്ചതോടെ മതപരമായ ചടങ്ങുകൾ ഉൾപ്പെടെ ആളുകൾ കൂടുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
കുടക് ജില്ലയിൽ രോഗികളുടെ എണ്ണം ഒരു ശതമാനത്തിലും താഴെയാണ്. പാർക്കുകളും സഞ്ചാര കേന്ദ്രങ്ങളുമൊക്കെ സജീവമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുഖാവരണം ഉൾപ്പെടെ കർശനമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാക്കൂട്ടം അതിർത്തിയിൽ നിലവിലുള്ള പരിശോധന ശക്തമാക്കി. ആർ.ടി.പി.സി.ആർ പരിശോധന റിപ്പോർട്ട് ഇല്ലാത്തവരെ കടത്തിവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം നടപടിയുണ്ടായി.
ചെക്ക് പോസ്റ്റിൽ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചതിൽനിന്ന് പണം വാങ്ങി ചിലരെ കടത്തിവിടുന്നതായുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.